നെറ്റ്ഫ്ലിക്സിലെ ഇഷ്ട സീൻ ഇനി മുതൽ നിങ്ങൾക്ക് സേവ് ചെയ്യാം, ഷെയർ ചെയ്യാം; എങ്ങനെയെന്നല്ലേ...

By Web Team  |  First Published Nov 8, 2024, 12:47 PM IST

ഇഷ്‌ടപ്പെട്ട സീന്‍ സേവ് ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനും അനുവദിക്കുന്ന 'മൊമന്‍റ്‌സ്' എന്ന് ഫീച്ചര്‍ അവതരിപ്പിച്ച് നെറ്റ്‌ഫ്ലിക്‌സ്


തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. നെറ്റ്‌ഫ്ലിക്‌സിലെ ഏതെങ്കിലുമൊരു സിനിമയോ സിരീസോ ഷോയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിലെ ഇഷ്‌ടപ്പെട്ട ഭാഗങ്ങള്‍ ബുക്ക്‌മാര്‍ക്ക് ചെയ്‌ത് വെക്കാനും സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവെക്കാനും കഴിയുന്ന ഫീച്ചറാണിത്. 

നെറ്റ്‌ഫ്ലിക്‌സ് 'മൊമന്‍റ്‌സ്'

Latest Videos

'മൊമന്‍റ്‌സ്' എന്നാണ് നെറ്റ്‌ഫ്ലിക്‌സ് അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ ഫീച്ചറിന്‍റെ പേര്. നെറ്റ്‌ഫ്ലിക്‌സിന്‍റെ ഐഒഎസ് ആപ്പിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലെ സിനിമയിലെയും സിരീസിലെയും ഷോയിലേയും ഇഷ്‌ടപ്പെട്ട നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സേവ് ചെയ്‌ത് വെക്കാന്‍ സാധിക്കും. സേവ് ചെയ്‌ത ഭാഗം ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഷെയര്‍ ചെയ്യാനും ഓപ്ഷനുണ്ട്. വരും ആഴ്‌ചകളില്‍ നെറ്റ്‌ഫ്ലിക്‌സിന്‍റെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലേക്കും മൊമന്‍റ്‌സ് ഫീച്ചര്‍ എത്തും. 

സീന്‍ സേവ് ചെയ്യാനുള്ള വഴി

നെറ്റ്‌ഫ്ലിക്‌സിലെ ഒരു സിനിമയിലോ സിരീസിലോ ഷോയിലോ നിന്ന് സീന്‍ സേവ് ചെയ്യണമെങ്കില്‍ സ്ക്രീനിന്‍റെ താഴെ ഇടതുമൂലയിലുള്ള മൊമന്‍റ്‌സ് എന്ന ഓപ്ഷനില്‍ ടാപ് ചെയ്യണം. എളുപ്പം വീണ്ടും സന്ദര്‍ശിക്കാന്‍ കഴിയുന്ന തരത്തില്‍ മൈ നെറ്റ്‌ഫ്ലിക്‌സ് ടാബിലേക്കാണ് ഇവ സേവ് ചെയ്യപ്പെടുക. സീന്‍ സേവ് ചെയ്ത മൂവി വീണ്ടും കാണുമ്പോള്‍ ഈ ബുക്ക്‌മാര്‍ക്ക് ഭാഗത്തില്‍ നിന്ന് വീഡിയോ പ്ലേയാവന്‍ തുടങ്ങും. 

എങ്ങനെ ഷെയര്‍ ചെയ്യാം 

മാത്രമല്ല, മൈ നെറ്റ്‌ഫ്ലിക്‌സ് ടാബില്‍ സേവ് ചെയ്ത് വച്ചിരിക്കുന്ന സിനിമാ ഭാഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. മൈ നെറ്റ്‌ഫ്ലിക്‌സ് ടാബില്‍ പ്രവേശിച്ച് സേവ് ചെയ്യപ്പെട്ട സീന്‍ തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യണ്ടത്. ശേഷം ടാപ് ചെയ്‌ത് ഷെയര്‍ എന്ന ഓപ്ഷന്‍ നല്‍കുക. ഇതോടെ സേവ് ചെയ്‌ത ഭാഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇന്‍സ്റ്റയിലും ഫേസ്‌ബുക്കിലും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും. സിനിമയുടെയും സിരീസിന്‍റെയും ഷോയുടെയും പേര്, എപ്പിസോഡ് വിവരങ്ങള്‍, ടൈംസ്റ്റാംപ് എന്നിവ ഈ സ്ക്രീന്‍ഷോട്ടില്‍ കാണാനാകും. നെറ്റ്‌ഫ്ലിക്‌സിലെ ഇഷ്‌ടപ്പെട്ട ഉള്ളടക്കത്തിന്‍റെ സ്ക്രീന്‍ഷോട്ട് കോപ്പിറൈറ്റ് പ്രശ്നമില്ലാതെ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ പുതിയ ഫീച്ചര്‍ വഴിയൊരുക്കും. 

Read more: ബജറ്റ് 300 കോടി, ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബ്! ആ ചിത്രം ഒടിടിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!