നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തീർന്നതിനാല്‍ പണം നല്‍കി അക്കൗണ്ട് പുതുക്കണം എന്നാവശ്യപ്പെട്ടാണ് ഇമെയിലും മെസേജും വരുന്നത്
ന്യൂയോര്‍ക്ക്: ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന്‍റെ പേരിലും സൈബര്‍ തട്ടിപ്പ്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തീർന്നുവെന്നും വൈകാതെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുമെന്നും കാണിച്ച് മെസേജോ മെയിലോ ഉപഭോക്താക്കള്‍ക്ക് അയക്കലാണ് തട്ടിപ്പിന്‍റെ ആദ്യത്തെ പടി. സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനുള്ള ശ്രമം ഉപയോക്താക്കൾ നടത്തുമ്പോൾ പേയ്‌മെന്‍റ് പരാജയപ്പെട്ടുവെന്ന് വിശ്വസിപ്പിക്കും. ഇങ്ങനെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ തട്ടിയെടുക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഈ തട്ടിപ്പിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് നെറ്റ്‌ഫ്ലിക്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്ക, ജർമനി, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് നെറ്റ്‌ഫ്ലിക്‌സിന്‍റെ പേരിലുള്ള ഈ തട്ടിപ്പ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശത്തിലും മെയിലിലും ക്ലിക്ക് ചെയ്യുമ്പോൾ നെറ്റ്ഫ്ലിക്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന് തോന്നിക്കുന്ന തട്ടിപ്പ് പേജിലേക്ക് നിങ്ങളെത്തിപ്പെടും. അവിടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനുള്ള പേയ്‌മെന്‍റ് ഓപ്ഷനുണ്ടാകും. എന്നാല്‍ കാർഡിന്‍റെ വിവരങ്ങൾ നൽകി പണമടക്കാൻ ശ്രമിക്കുമ്പോൾ 'ഫെയിൽഡ്' എന്ന് എഴുതിക്കാണിക്കും. പേയ്‌മെന്‍റ് ചെയ്യാന്‍ വീണ്ടും ശ്രമിച്ചാലും ഇത് തന്നെയായിരിക്കും ഫലം. ഇതുവഴി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളിലെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതായാണ് മുന്നറിയിപ്പ്. ഡാർക്ക് വെബിലൂടെ ഈ വിവരങ്ങൾ വലിയ തുകയ്ക്ക് വിൽക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
എങ്ങനെ സ്‌കാമില്‍ നിന്ന് രക്ഷ നേടാം?
നെറ്റ്ഫ്ലിക്സിന്‍റെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തിൽ മുമ്പിലാണ് ഇന്ത്യ. അതിനാൽ തന്നെ ഇന്ത്യയിലുള്ള ഉപഭോക്താക്കളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നെറ്റ്ഫ്ലിക്സിൽ നിന്നാണെന്ന് അവകാശപ്പെട്ട് വരുന്ന ഇമെയിലുകളും മെസേജുകളും വെരിഫൈ ചെയ്യേണ്ടത് അത്യാവശ്യമാണ്. പണമിടപാടുകൾ നെറ്റ്ഫ്ലിക്‌സിന്‍റെ ഔദ്യോഗിക ആപ്പിലൂടെ മാത്രം നടത്താൻ ശ്രദ്ധിക്കുക. ടു ഫാക്ടർ ഓതന്‍റിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക. റോബസ്റ്റ് സെക്യൂരിറ്റി സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സൈറ്റുകളെ തടയാന്‍ കഴിയും. ഇതിലൂടെ കൂടുതൽ സുരക്ഷ നെറ്റ്‌ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനാകും.
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ആശ്രയിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. 1997ൽ കാലിഫോർണിയയിലെ സ്‌കോട്ട്‌വാലിയിലാണ് കമ്പനി സ്ഥാപിതമായത്. ആദ്യകാലത്ത് ഡിവിഡി വഴി സിനിമകളും ഷോകളും പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. 2013ൽ സീരീസുകൾ സ്വന്തമായി നിർമിച്ച് ടെലിവിഷൻ മേഖലയിൽ ചുവടുറപ്പിച്ചു. 2016 ആയപ്പോഴേക്കും ഒറിജിനൽ സീരീസുകൾ നിർമിച്ച് ലോകമൊട്ടാകെ സ്ട്രീമിംഗ് രംഗത്ത് നെറ്റ്‌ഫ്ലിക്‌സ് ജനപ്രീതി നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം