എച്ച്.ബി.ഒ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഒാഫ് ത്രോൺസിൻ്റെ പുതിയ പരമ്പരയിലെ എപ്പിസോഡ് ചോർത്തിയ കേസിൽ നാല് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗെയിമിൻ്റെ പുതിയ പരമ്പരയുടെ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന സ്വകാര്യ കമ്പനി നൽകിയ കേസിലാണ് അറസ്റ്റ്. ഇൗ മാസം ആദ്യ ആഴ്ച്ചയിലാണ് ഗെയിമിൻ്റെ പുതിയ ഭാഗങ്ങൾ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
ചാനലിൻ്റെ വാട്ടർമാർക്ക് സഹിതമുള്ള വീഡിയോ ആയിരുന്നു പുറത്തുവന്നത്. കമ്പനിക്കകത്ത് നടന്ന അന്വേഷണത്തിൽ ഒാൺലൈനായി ചോർത്തിയ രണ്ട് ജീവനക്കാരെ കണ്ടെത്തി. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേർ കമ്പനിയിലെ ജീവനക്കാരും ഒരാൾ മുൻ ജീവനക്കാരനുമാണ്. കമ്പനിയിലെ ടെക്നിക്കൽ പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഭാസ്ക്കർ ജോഷി, അലോക് ശർമ, അഭിഷേക് ഗഡിയാൽ എന്നിവർക്കാണ് വീഡിയോ ലഭ്യമായത്
മുൻ ജീവനക്കാരൻ മുഹമ്മദ് സുഹൈലിന് ഇവരിൽ നിന്ന് വീഡിയോ ലഭിക്കുകയും അത് ഇൻ്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിടിയിലായവർ ബംഗളുരുവിൽ പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ അക്ബർ പത്താൻ പറഞ്ഞു.