കൈപിടിച്ച് കരകയറാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും; 10 വര്‍ഷത്തെ കരാറിലെത്തി

By Web Team  |  First Published Aug 15, 2024, 9:06 AM IST

ടെലികോം രംഗത്ത് പുതിയ സഹകരണത്തിന് തുടക്കമിടുകയാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും


ദില്ലി: ബിഎസ്എന്‍എല്ലുമായി (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 10 വര്‍ഷത്തെ സര്‍വീസ് കരാറിലെത്തി എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്). രാജ്യത്തെ രണ്ട് പൊതുമേഖല ടെലികോം സേവനദാതാക്കളാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും. 

ടെലികോം രംഗത്ത് പുതിയ സഹകരണത്തിന് തുടക്കമിടുകയാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും. ബിഎസ്എന്‍എല്ലുമായി 10 വര്‍ഷത്തെ സര്‍വീസ് കരാറിലെത്താന്‍ എംടിഎന്‍എല്‍ ബോര്‍ഡ് അനുമതി നല്‍കി. ഇരു കമ്പനികള്‍ക്കും ആവശ്യമെങ്കില്‍ കരാര്‍ കാലാവധി നീട്ടാം. ഇതിന് ടെലികോം മന്ത്രാലയത്തിന്‍റെയും കമ്പനികാര്യ മന്ത്രാലയത്തിന്‍റെയും അനുമതി വേണമെന്ന് മാത്രം. എന്നാല്‍ ആറ് മാസം മുന്‍കൂറായി നോട്ടീസ് നല്‍കാതെ കരാര്‍ റദ്ദാക്കാനാവില്ല. നിലവില്‍ എംടിഎന്‍എല്‍ ദില്ലി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലും ബിഎസ്എന്‍എല്‍ മറ്റിടങ്ങളിലാകെയുമാണ് ടെലികോം സേവനം നല്‍കുന്നത്. മഹാനഗര്‍ ടെലിഫോണ്‍ (മൗറീഷ്യസ്) ലിമിറ്റഡിന്‍റെ ഷെയറുകള്‍ വില്‍ക്കാനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. എംടിഎന്‍എല്ലിന്‍റെ സബ്‌സിഡിയറി കമ്പനിയാണിത്. എംടിഎന്‍എല്ലിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എംടിഎല്‍ (മില്ലേനിയം ടെലികോം ലിമിറ്റഡ്) അടച്ചുപൂട്ടാനുള്ള നിർദേശവും ബോർഡ് അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്.

Latest Videos

undefined

4ജി സേവനം ലഭ്യമാക്കാന്‍ വൈകിയതിനാല്‍ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും സ്വകാര്യ കമ്പനികളോട് മത്സരിക്കാനായിരുന്നില്ല. സ്വകാര്യ കമ്പനികള്‍ 5ജി വിന്യസിക്കുമ്പോള്‍ 4ജി സേവനം ലഭ്യമാക്കല്‍ പകുതിപോലും പൂര്‍ത്തിയാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചിട്ടില്ല. അതേസമയം സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്‌ത് നിരവധി ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരെ പിടിച്ചുനിര്‍ത്താന്‍ 4ജി വിന്യാസവും അതിന് പിന്നാലെ 5ജി വിന്യാസവും ബിഎസ്എന്‍എല്ലിന് വേഗം പൂര്‍ത്തീകരിച്ചേ മതിയാകൂ. 

ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും ലയിപ്പിക്കാന്‍ മുമ്പ് സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും എംടിഎന്‍എല്ലിന്‍റെ ഉയര്‍ന്ന കടബാധ്യത കാരണം മാറ്റിവെക്കുകയായിരുന്നു.  

Read more: കേരള മോഡല്‍; 'ഫാക്ട് ചെക്കിംഗ്' 5, 7 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!