ജിഎസ്ടി പേടി: മൊബൈല്‍ ഫോണ്‍ ഉത്പാദനം കുറച്ച് കമ്പനികള്‍

By Web Desk  |  First Published Jul 2, 2017, 4:09 PM IST

ജിഎസ്ടി നിലവില്‍ വന്നതോടെ ഉത്പാദനം കുറച്ച് മൊബൈല്‍ ഫോൺ നിര്‍മ്മാണ കമ്പനികള്‍. 10 മുതൽ 15 ശതമാനം വരെ വിപണിയിലേക്ക് വേണ്ട മൊബൈലുകളുടെ ഉത്പാദനം കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമിതവിതരണം കൂടുതല്‍ നികുതി ചുമത്തപ്പെടാന്‍ കാരണമാകുമെന്നതിനാലാണ് ഇതെന്നും, പുതിയ ടാക്‌സ് നിലവില്‍ വന്ന് കാര്യങ്ങള്‍ കൂടുതല്‍ വിശദമായി അറിഞ്ഞ ശേഷം ഉല്‍പ്പാദനം പതിയെ കൂട്ടാമെന്ന നിലപാടിലാണ് കമ്പനികള്‍.

നോക്കിയ, മൈക്രോമാക്‌സ്, പാനാസോണിക് മുതലായ കമ്പനികള്‍ തങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണു ലഭിക്കുന്ന വിവരം. വാറ്റ് (value-added tax) രജിസ്‌ട്രേഷന്‍ ഇല്ലാത്ത ചെറിയ കമ്പനികള്‍ക്ക് ജിഎസ്ടി പ്രകാരം പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.  റീട്ടയിലര്‍മാര്‍ക്കും വിതരണക്കാര്‍ക്കും ചെറുകിട കമ്പനികള്‍ക്കുമെല്ലാം ജിഎസ്ടി വരുമ്പോള്‍ ഉള്ളില്‍ ചെറിയ പേടിയുണ്ട്. 

Latest Videos

undefined

ഡീലര്‍മാര്‍ ചരക്കുകള്‍ എടുക്കുന്നത് കുറച്ചു. ഉല്‍പ്പാദനവും വിതരണവും പതിനഞ്ചു ശതമാനത്തോളം കുറഞ്ഞു. ഡിക്‌സന്‍ ടെക്‌നോളജീസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സുനില്‍ വചനി പറയുന്നു. ഇന്റക്‌സ്, പാനസോണിക്, ജിയോണി മുതലായ കമ്പനികള്‍ക്ക് വേണ്ടി ഫോണുകള്‍ ഉണ്ടാക്കുന്ന കമ്പനിയാണ് ഡിക്‌സന്‍ ടെക്‌നോളജീസ്. 

മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി പന്ത്രണ്ടു ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൊബൈല്‍ഫോണ്‍ വിലയില്‍ 4 മുതൽ 5 ശതമാനം വരെ വിലക്കൂടുതല്‍ പ്രതീക്ഷിക്കാം. എന്നാല്‍ മാര്‍ജിനിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്ന് ടാക്‌സ് വിദഗ്ധന്‍ ബിപിന്‍ സപ്ര പറയുന്നു.  ഇപ്പോള്‍ സ്റ്റോക്കിലുള്ള മൊബൈല്‍ ഫോണുകളുടെ രണ്ടു ശതമാനം എക്‌സൈസ് ഡ്യൂട്ടി എങ്ങനെ തിരിച്ചുപിടിക്കാമെന്ന ആലോചനയിലാണ് വിതരണക്കാര്‍. ഇറക്കുമതി ചെയ്ത ഫോണുകള്‍ക്കാവട്ടെ, ഇവയ്ക്ക് നല്‍കിയ 12.5 ശതമാനം അധികഡ്യൂട്ടിയും തിരിച്ചു പിടിക്കണമെന്നും സപ്ര വ്യക്തമാക്കി. 

ഇതനുസരിച്ച് നിര്‍മാണകമ്പനികളില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നവരില്‍ നിന്നോ നേരിട്ട് വാങ്ങുന്ന മൊബൈല്‍ ഫോണുകള്‍ക്ക് CVD, എക്‌സൈസ് ഡ്യൂട്ടി എന്നിവയ്ക്ക് മുഴുവന്‍ ക്രെഡിറ്റ് ലഭിക്കും. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സാംസങ്, ഒപ്പോ, വിവോ മുതലായ കമ്പനികള്‍ ഉല്‍പ്പന്നവിലയില്‍ വര്‍ധന വരാതെ ഉപഭോക്താക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കുമ്പോള്‍ എച്ച്എംഡി പോലെയുള്ള കമ്പനികള്‍ തങ്ങളുടെ വിതരണക്കാരെ ജിഎസ്ടിയെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. വിതരണക്കാരാവട്ടെ തങ്ങള്‍ക്കു കിട്ടുന്ന അറിവുകള്‍ ചില്ലറവില്‍പ്പനക്കാരിലേയ്ക്കും എത്തിക്കുന്നുണ്ട്. 

click me!