വിന്‍ഡോസിന് സംഭവിച്ചത് സൈബര്‍ ആക്രമണം അല്ല, പ്രശ്നം കണ്ടെത്തി, പരിഹാരത്തിന് ശ്രമം: ക്രൗഡ്‌സ്ട്രൈക്ക് സിഇഒ

By Web Team  |  First Published Jul 19, 2024, 4:13 PM IST

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ക്രൗഡ്സ്ട്രൈക്ക്


ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. 

വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമടക്കം താറുമാറായി. വ്യോമയാനത്തിന് പുറമെ ട്രെയിന്‍, ബാങ്കിംഗ്, ഐടി, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും, മറ്റ് കമ്പനികള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തടസം നേരിട്ടു. ഇതിന് പിന്നാലെ വിന്‍ഡോസ് ഉപഭോക്താക്കളുടെ വ്യാപക പരാതി സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൗഡ്സ്ട്രൈക്ക് പ്രതികരണവുമായി രംഗത്തെത്തി. 

Latest Videos

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രതികരണം. 'ഇതൊരു സുരക്ഷാ വീഴ്‌ചയോ സൈബര്‍ അറ്റാക്കോ അല്ല. മാക്, ലിനക്‌സ് ഉപഭോക്താക്കളെ പ്രശ്‌നം ഒരുതരത്തിലും ബാധിച്ചിട്ടില്ല. പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രശ്നപരിഹാരത്തെ കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും സപ്പോര്‍ട്ട് പോര്‍ട്ടലിലൂടെ അറിയിക്കുന്നത് തുടരും. ഉപഭോക്താക്കളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ക്രൗഡ്സ്ട്രൈക്ക് സംഘം ഊര്‍ജശ്രമങ്ങളിലാണ്' എന്നും ക്രൗഡ്സ്ട്രൈക്ക് കമ്പനി സിഇഒ ജോര്‍ജ് കുര്‍ട്‌സ് എക്‌സില്‍ വ്യക്തമാക്കി. 

CrowdStrike is actively working with customers impacted by a defect found in a single content update for Windows hosts. Mac and Linux hosts are not impacted. This is not a security incident or cyberattack. The issue has been identified, isolated and a fix has been deployed. We…

— George Kurtz (@George_Kurtz)

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ഇന്ത്യയെയും ബാധിച്ചു. ദില്ലിയും മുംബൈയും ബെംഗളൂരുവും അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലെല്ലാം സാങ്കേതിക തടസങ്ങളുണ്ടായി. ചെക്ക്-ഇന്‍ വൈകുകയും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിശ്ചലമാവുകയും ചെയ്തു. ഓണ്‍ലൈന്‍ സര്‍വീസുകളില്‍ തടസം നേരിടുന്നതായി ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ആകാസ എയറും അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ വൈകിയത് നീണ്ട ക്യൂവിന് ഇടയാക്കി. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്‌ എക്‌സ്‍ചേഞ്ച്, ബോംബെ സ്റ്റോക് എക്‌സ്‍ചേഞ്ച് എന്നിവയുടെ പ്രവര്‍ത്തനത്തെ വിന്‍ഡോസ് ഒഎസ് പ്രശ്‌നം ബാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. 

Read more: പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!