കാണ്‍പൂര്‍: കാണ്‍പൂരിലെ ഐഐടി വിദ്യാര്‍ഥിക്ക് മൈക്രോസോഫ്റ്റിന്‍റെ വന്‍ ജോലി വാഗ്ദാനം. 1.5 കോടി രൂപ വാര്‍ഷിക ശമ്പളമാണ് മൈക്രോസോഫ്റ്റ് കാണ്‍പൂര്‍ ഐഐടിയില്‍ നടന്ന ക്യാമ്പസില്‍ നടന്ന ഇന്‍റര്‍വ്യൂവില്‍ ദില്ലി സ്വദേശിയായ വിദ്യാര്‍ഥിക്ക് ലഭിച്ചത്.
സോഫ്റ്റ് വെയര്‍ ഡിസൈനിങ്ങിലും ബഗ് ഫിക്‌സിങ്ങിലും വിദഗ്ധനാണ് വിദ്യാര്‍ഥി. ഇത്തവണ 200 കമ്പനികളാണ് കാണ്‍പൂരില്‍ കാമ്പസ് ഇന്റര്‍വ്യൂവിനായി എത്തിയത്. കഴിഞ്ഞവര്‍ഷം 280 കമ്പനികള്‍ എത്തിയിരുന്നു. 93 ലക്ഷം രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിക്ക് ലഭിച്ച ഉയര്‍ന്ന ശമ്പള പാക്കേജ്.
ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഒല, ഉബര്‍, പേടിഎം തുടങ്ങിയ കമ്പനികളും മിടുക്കരായ വിദ്യാര്‍ഥികളെ തേടി കാമ്പസിലെത്തിയിരുന്നു. ഇന്ത്യയിലെ ഐഐടികളില്‍ നിന്നും വിദേശ സോഫ്റ്റ് വെയര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് ശമ്പളം വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ സ്വന്തമാക്കാറുണ്ട്.
അതുകൊണ്ടുതന്നെ പഠനകാലയളവില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ നിന്നും പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ വന്‍കിട കമ്പനികളിലെ ഉദ്യോഗസ്ഥരാകാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പേര് ഐഐടി പുറത്തുവിട്ടിട്ടില്ല.