ടെക്‌നോളജി ഭീമൻ മൈക്രോസോഫ്റ്റ് പതിനഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ ഭാഷകള്‍ മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുന്ന ഔട്ട്‌ലുക്ക് ഡോട്ട്‌കോം, എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍, എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ പ്രോട്ടക്ഷന്‍, ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലുള്ള മൈക്രോസോഫ്റ്റ് ആപ്പുകള്‍ എന്നിവയില്‍ പ്രയോജനപ്പെടുത്താനും ഈമെയിലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും.
ഫെബ്രുവരി 21- അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. ഹിന്ദി, ബെംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കൊങ്കിണി, മൈഥിലി, മറാത്തി, മണിപൂരി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, നേപ്പാളി, ഉറുദു തുടങ്ങിയ ഭാഷകള്‍ ഇനി ഇമെയില്‍ അഡ്രസുകളില്‍ ഉപയോഗിക്കാനാവും. ഈ പുതിയ സംവിധാനം മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ അഡ്രസ് ഇന്റര്‍നാഷണലൈസേഷന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ഇമെയില്‍ സപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് യൂണികോഡില്‍ ലഭ്യമായ ഭാഷകള്‍ക്കാണ്. ഭാഷാ പരിമിതി മറികടക്കുന്നതിനായി ഇന്ത്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തി പ്രൊജക്റ്റ് ഭാഷ എന്ന പേരില്‍ മൈക്രോസോഫ്റ്റ് 1998 ല്‍ ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു.