ദില്ലി: ഹാഷ് ടാഗ് ക്യാംപെയ്നുകൾ നവമാധ്യമങ്ങളിൽ വിപ്ലവങ്ങളാകുന്നത് ഇപ്പോൾ പതിവാണ്. അത്തരത്തിലൊരു ക്യാംപെയ്നാണ് ഇപ്പോൾ നവമാധ്യമ കൂട്ടായ്മകളിൽ ചർച്ചാവിഷയം. "മീ ടൂ' എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിലുള്ളവർ ഏറ്റെടുത്തു കഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാംപെയ്ൻ തുടങ്ങിയിരിക്കുന്നത്.
അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്. സുഹൃത്തിൽ നിന്നു ലഭിച്ച നിർദേശത്തെ ഉൾക്കൊണ്ടാണ് പീഡനത്തിനിരയായവർ അത് തുറന്ന് പറയണമെന്നന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളിൽ "മീ ടു' എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. അലീസയുടെ നിർദേശത്തെ മറ്റുള്ളവർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇന്ത്യയിൽ നിന്ന് ആയിരങ്ങൾ "മീ ടു' വിനൊപ്പം ചേർന്നപ്പോൾ കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയ പ്രമുഖരുൾപ്പെടെ നിരവധിപ്പേരും ക്യാംപെയ്ന്‍റെ ഭാഗമായി.