ന്യൂയോർക്ക്: 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കെതിരെ "റാൻസംവെയർ" സൈബര്‍ ആക്രമണം. ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടറിനുള്ളില്‍ സ്ഥാപിക്കപ്പെടുന്ന മാൽവെയർ ഉപയോഗിച്ച് ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ എൻക്രിപ്റ്റ് ചെയ്യുകയാണ് ഹാക്കര്‍മാര്‍ ആദ്യം ചെയ്യുന്നത്. പിന്നീട് ഈ വിവരങ്ങൾ(ഡാറ്റ) തിരികെ കിട്ടണമെങ്കിൽ മോചനദ്രവ്യമായി 300 ഡോളർ നൽകണമെന്ന് ആവശ്യപ്പെടും. പണം നേരിട്ടു നൽകുന്നത് കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുമെന്നതിനാൽ മോചനദ്രവ്യം ബിറ്റ്കോയിനായാണ് ആവശ്യപ്പെടുന്നത്.
യുകെ, യുഎസ്, ചൈന, റഷ്യ, സ്പെയിൻ ഇറ്റലി, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് റാൻസംവെയർ ആക്രമണം. സ്പെയിനിലെ ടെലികോം ഭീമനായ ടെലിഫോണിക്ക, ഐബെർഡ്രോല, ഗ്യാസ് നാച്യുറൽ, ഡെലിവറി ഏജൻസി ഫെഡ് എക്സ്, റഷ്യയിലെ ടെലികോം ഭീമൻ മെഗാഫോണ്‍ എന്നീ കമ്പനികൾ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുണ്ട്.
റാൻസംവെയർ ആക്രമണങ്ങളിൽ നല്ലൊരു പങ്കും വാണക്രൈ റാൻസംവെയർ ഉപയോഗിച്ചുള്ളതാണെന്ന് അവാസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജൻസി വികസിപ്പിച്ചതെന്ന് കരുതുന്ന ടൂൾ ഉപയോഗിച്ചാണ് ആക്രമണം.
കഴിഞ്ഞ ഏപ്രിലിൽ "ദി ഷാഡോ ബ്രോക്കേഴ്സ്' എന്ന ഹാക്കേഴ്സ് ഈ ടൂൾസ് തങ്ങൾ തട്ടിയെടുത്തുവെന്ന അവകാശവാദവുമായി ഓണ്‍ലൈനിൽ പരസ്യപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റ് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാച്ച് പുറത്തിറക്കിയിരുന്നെങ്കിലും ഭൂരിഭാഗം കന്പ്യൂട്ടറുകളിലും ഇത് അപഡേറ്റ് ചെയ്തിരുന്നില്ല.