കോഴിക്കോട്: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനയ്ക്ക് പേരു നല്‍കാന്‍ അടുത്തിടെ കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരു ട്രോളായി എടുത്ത ചിലര്‍ കുമ്മനാന എന്ന പേരിനാണ് കൂടുതല്‍ ലൈക്ക് നല്‍കിയത്. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതര്‍ക്ക് നാമനിര്‍ദേശന മത്സരത്തിന്‍റെ നിയമാവലി മാറ്റേണ്ടി വന്നു.
ഇതാ സംഭവത്തില്‍ ഒരു ട്വിസ്റ്റ്, കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല.
അതേ സമയം ഇതിനെല്ലാം മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തി. എന്ത് ചെയ്താലും തന്‍റെ ആന്തരിക മനോനിലക്ക് മാറ്റമില്ലെന്നും എല്ലാം കൗതുകത്തോടെ താന്‍ നോക്കിക്കാണുന്നതെന്നും ആരോടും പ്രയാസമില്ലെന്നുമായിരുന്നു കുമ്മനത്തിന്‍റെ മറുപടി.