ഈ അഞ്ച് ടിപ്‌സ് കുറിച്ചുവച്ചോളൂ; പണം പോകില്ല, ഡിജിറ്റല്‍ അറസ്റ്റുമായി വരുന്നവരെ എളുപ്പം പൂട്ടാം

By Web Team  |  First Published Nov 4, 2024, 1:03 PM IST

വ്യാജ പൊലീസ് നോട്ടീസുകള്‍ തിരിച്ചറിയാനുള്ള 5 എളുപ്പവഴികള്‍- ഡിജിറ്റല്‍ അറസ്റ്റ് പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായിരിക്കേ പൊതുജനങ്ങള്‍ക്കായി വീഡിയോ പങ്കുവെച്ച് ടെലികോം മന്ത്രാലയം 


ദില്ലി: 'ഡിജിറ്റല്‍ അറസ്റ്റ്' വഴിയുള്ള ഗുരുതര സാമ്പത്തിക തട്ടിപ്പ് രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. സിബിഐയും ഇഡിയും പൊലീസും പോലെയുള്ള അന്വേഷണ ഏജന്‍സികളുടെ പേര് ദുരുപയോഗം ചെയ്‌ത് ഫോണ്‍ കോളുകളും നോട്ടീസുകളും വഴി അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങളും കോടികളും നഷ്‌ടമായവര്‍ ഏറെ. തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ഇത്തരം വ്യാജ പൊലീസ് നോട്ടീസുകള്‍ തിരിച്ചറിയാനുള്ള അഞ്ച് കുറുക്കുവഴികള്‍ അറിയിച്ചിരിക്കുകയാണ് ടെലികോം മന്ത്രാലയം. 

പൊലീസിന്‍റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും ഈ അഞ്ച് മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാമെന്നാണ് ടെലികോം മന്ത്രാലയം വീഡിയോയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. 

Latest Videos

1. 24 മണിക്കൂറോ 48 മണിക്കൂറോ പോലുള്ള നിശ്ചിത സമയത്തിനകം റിപ്ലൈ ചെയ്‌തില്ലെങ്കില്‍/പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്‍റെ പേരിലുള്ള നോട്ടീസില്‍ കണ്ടാല്‍ ആ കത്ത് വ്യാജമാണ് എന്നുറപ്പിക്കാം. ഇത്തരം ഭീഷണികള്‍ സാധാരണയായി അന്വേഷണ ഏജന്‍സികള്‍ നോട്ടീസുകള്‍ വഴി ആരെയും അറിയിക്കാറില്ല.  

2. ആളുകളെ കുഴപ്പിക്കുന്ന സാങ്കേതികപദങ്ങള്‍ നോട്ടീസില്‍ കണ്ടാലും അപകടം തിരിച്ചറിയുക. ആളുകളെ കുഴപ്പിക്കാന്‍ ഉള്ളതോ ഇല്ലാത്തതോ ആയ വിവിധ വകുപ്പുകള്‍ നോട്ടീസില്‍ ഇത്തരത്തില്‍ ചേര്‍ക്കുന്നത് തട്ടിപ്പ് സംഘങ്ങളുടെ സ്ഥിരം രീതിയാണ്. 

3. ഇല്ലാത്ത ഏജന്‍സികളുടെയോ വകുപ്പുകളുടെയോ പേരിലുള്ള സീലുകളും മോശം ലോഗോകളും കണ്ടാലും നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാം. 'സൈബര്‍ സെല്‍ ഇന്ത്യ'- പോലുള്ള പേരുകളിലാണ് സീല്‍ ഉള്ളതെങ്കില്‍ നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. 

4. ഔദ്യോഗികമല്ലാത്ത ഒപ്പുകളാണ് നോട്ടീസ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു സൂചന. ഡിജിറ്റലോ ഒഫീഷ്യലോ ആയ ഒപ്പുകളായിരിക്കും ഔദ്യോഗികമായ എല്ലാ നോട്ടീസുകളിലുമുണ്ടാവുക. നോട്ടീസില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും വിലാസവും പരിശോധിച്ചും നോട്ടീസ് വ്യാജമാണോ എന്ന് തിരിച്ചറിയാം. ഔദ്യോഗിക നോട്ടീസുകളില്‍ കോണ്‍ടാക്റ്റ് നമ്പറും ഔദ്യോഗിക ഇമെയില്‍ വിലാസവും വിശദ വിവരങ്ങളറിയാനായി നല്‍കാറുണ്ട്. 

5. റിപ്ലൈയോ പണമോ നല്‍കിയില്ലെങ്കില്‍ കുറ്റവാളികളുടെ പട്ടികയില്‍ നിങ്ങളുടെ പേര് പ്രസിദ്ധീകരിക്കും എന്ന തരത്തില്‍ ഭീഷണികളുള്ള നോട്ടീസുകളും വ്യാജമാണ് എന്ന് ഉറപ്പിക്കാം. ഇത്തരം ഭീഷണികള്‍ ഒരു അന്വേഷണ ഏജന്‍സികളും നോട്ടീസിലൂടെ അറിയിക്കാറില്ല. 

FAKE Police Notices ‼️

Don’t Fall Victim.

Know the 5 Red Flags 🚩 Now! pic.twitter.com/pyj3wjJl67

— DoT India (@DoT_India)

Read more: ഡിജിറ്റൽ അറസ്റ്റ്: ഇഡിയുടെ ആദ്യ കുറ്റപത്രം ബെം​ഗളൂരുവിൽ; 159 കോടി തട്ടിപ്പ് നടത്തിയ 8 പേർക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!