തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റില്‍ വന്‍ സുരക്ഷാവീഴ്ച. യൂണിവേഴ്‌സിറ്റിയുടെ എകസാം സര്‍വറിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന സര്‍വര്‍ സുരക്ഷിതമാണെന്നും സര്‍വറിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് ആയിട്ടില്ലെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെയും നിരവധി തവണ യുണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് പിഴവുകള്‍ ചൂണ്ടിക്കണിക്കുന്നതിന്‍റെ ഭാഗമായി എത്തിക്കല്‍ ഹാക്കര്‍മാര്‍ സൈറ്റ് ഹാക്ക് ചെയ്തത്.
ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് കേരളാ പോലീസിന്റെ സൈബര്‍ ഡോം വിഭാഗത്തെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം യുണിവേഴിസിറ്റിയുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന പേജ് പാക്കിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. ഇതിനുശേഷവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ യുണിവേഴ്‌സിറ്റി തയ്യറായിട്ടില്ലെന്നുമാണ് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.