സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച 4ജി ഫോണ്‍ ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഓഫറിന്‍റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ഫോൺ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോൺ പൂർണമായും ഇന്ത്യൻ നിർമിതമെന്നും അംബാനി പറഞ്ഞു.
ഇതോടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് റിലയന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4 ഇഞ്ച് കളര്‍ ഡിസ്‍പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാപിക്സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും.