ദില്ലി: വാട്ട്സ്ആപ്പ്, മെസഞ്ചര്‍, സ്നാപ്ചാറ്റ്, ഹൈക്ക്.. സന്ദേശ ആപ്ലികേഷനുകള്‍ ഏറെയാണ്. എന്നിട്ടും പുതിയ മെസേജിംഗ് ആപ്പുണ്ടാക്കാൻ ഇ-കോമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കളോട് അഭിപ്രായം ചോദിച്ചറിഞ്ഞശേഷമാണ് ആപ്ലിക്കേഷൻ വികസനത്തിന് ഇറങ്ങിയത് എന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എനി ടൈം എന്നാണ് ആപ്പിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സന്ദേശ കൈമാറ്റ ആപ്ലികേഷനുകളെ മലർത്തിയടിക്കുന്ന വിധമുള്ള ഫീച്ചറുകൾ നിറഞ്ഞതായിരിക്കും എനിടൈം എന്നു പേരിട്ടിരിക്കുന്ന മെസഞ്ചറെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെസേജിംഗ്, വോയ്സ്-വീഡിയോ കോളുകൾ, ഫോട്ടോ ഷെയറിംഗ്, ഫോട്ടോ-വീഡിയോ ഫിൽറ്ററുകൾ, മെൻഷനിംഗ്, സ്റ്റിക്കറുകൾ, ജിഫുകൾ എന്നിവയ്ക്കു പുറമേ ഗെയിമുകൾ കളിക്കാനും മെസഞ്ചറിലൂടെ സാധിക്കും.
ഓണ്‍ലൈനിലൂടെ സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഓർഡർ നൽകൽ, റിസർവേഷനുകൾ തുടങ്ങിയവയും ചെയ്യാം. എൻക്രിപ്റ്റഡ് രീതിയിലായിരിക്കും സേവനം. കംപ്യൂട്ടറിലും മൊബൈൽ ഡിവൈസുകളിലും പ്രവർത്തിക്കും. ആമസോണിൽനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.