രണ്ടാംഘട്ട ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഐഒഎസ് 18.2 അപ്ഡേറ്റില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ കൂടുതല്‍ ഫീച്ചറുകള്‍ ഉടന്‍ പുറത്തിറക്കും എന്ന് സൂചന. ഡിസംബര്‍ ആദ്യം വരുന്ന ഐഒഎസ് 18.2 അപ്ഡേറ്റിനൊപ്പമായിരിക്കും കൂടുതല്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരിക എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അടുത്ത ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണുകളിലേക്ക് ഡിസംബറില്‍ എത്തിയേക്കും. കൂടുതല്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ ഐഒഎസ് 18.2 അപ്‌ഡേറ്റ് ഡിസംബര്‍ ആദ്യമെത്തും എന്നാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി പോലെ ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി എഐയെ ആപ്പിള്‍ അവരുടെ ഡിവൈസുകളുടെ ഭാഗമാക്കിയേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അപ്‌ഡേറ്റോടെ കൂടുതല്‍ നവീനമായ എഐ ഫീച്ചറുകള്‍ ഐഫോണുകളില്‍ എത്തുമെന്ന് ആപ്പിള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചാറ്റ്‌ജിപിടിയെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ സിരീയിലേക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് എഴുത്ത് ഉപകരണങ്ങളിലേക്കും ചേര്‍ക്കുന്നതാണ് ഇതിലൊന്ന്. ഐഫോണ്‍ 16 സിരീസിലേക്ക് പുതിയ ഇമേജ് പ്ലേഗ്രൗണ്ട് ആപ്പും വിഷ്വല്‍ ഇന്‍റലിജന്‍സും ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
ഐഒഎസ് 18.1 അപ്‌ഡേറ്റിലൂടെയായിരുന്നു ആദ്യഘട്ട ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നത്. രണ്ടാംഘട്ട ഫീച്ചറുകളുടെ അവതരണമാണ് ഐഒഎസ് 18.2 അപ്‌ഡേറ്റിലുണ്ടാവുക. ഐഒഎസ് 18.2ന്‍റെ ബീറ്റാ വേര്‍ഷന്‍ ഇതിനകം ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഐഒഎസ് 18.2ന് ശേഷം വലിയ അപ്‌ഡേറ്റുകള്‍ 2025 ഏപ്രിലിലെ ഐഒഎസ് 18.4ലാണുണ്ടാവുക. അമേരിക്കന്‍ ഇംഗ്ലീഷിന് പുറമെയുള്ള ഇംഗ്ലീഷ് വേര്‍ഷനുകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഡിസംബറിലെ അപ്‌ഡേറ്റോടെ ആപ്പിള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നേക്കും. ഏപ്രിലിലെ അപ്‌ഡേറ്റില്‍ കൂടുതല്‍ ഭാഷാ വൈവിധ്യങ്ങളിലേക്ക് ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more: ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുഞ്ഞന്‍ വിലയില്‍ കൊത്തിപ്പറക്കാം; ഇതാ ഓഫറുകളുടെ നിര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം