ഐഫോണ്‍ X വിപണിയില്‍ തീര്‍ത്ത തരംഗം മുതലെടുത്ത് അടുത്തഘട്ടം ഐഫോണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ഇനിയെന്താണ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന അഭ്യൂഹം ശക്തമാണ്. അത് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകളാണ് അന്തര്‍ദേശീയ ടെക് സൈറ്റുകളില്‍ വരുന്നത്. ആപ്പിളിന്‍റെ മുഖ്യ എതിരാളികള്‍ സാംസങ്ങ് അടുത്ത ഫെബ്രുവരിയില്‍ സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇറക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഗൂഗിള്‍ പിക്സല്‍ 3യും അധികം വൈകാതെ ഉണ്ടാകും. അപ്പോള്‍ ആപ്പിള്‍ എന്തായിരിക്കും പുതുതായി അവതരിപ്പിക്കുക എന്നതാണ് ചോദ്യം. അതിനുള്ള ചില ഉത്തരങ്ങള്‍ ഇതാ.
ഡിസൈനിംഗിലായിരിക്കും ആപ്പിള്‍ അടുത്ത പ്രത്യേകതകള്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണുകള്‍ കയ്യില്‍ നിന്നും വീണുപൊട്ടുന്നത് സര്‍വസാധാരണമാണ്. ഈ രീതിയില്‍ ഫോണുകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന രീതിയിലായിരിക്കും പുതിയ ഐഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. അതിന് ഒപ്പം തന്നെ ഏറ്റവും അവസാനം ഇറങ്ങിയ ഐഫോണ്‍ Xന്‍റെ വലിപ്പത്തില്‍ ഇനി ഫോണുകളുടെ സ്ക്രീന്‍ വലിപ്പം നിലനിര്‍ത്താനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ സ്ക്രീന്‍ ഒഎല്‍ഇഡി പാനലിലും മറ്റും വലിയ മാറ്റം ഐഫോണിന്‍റെ അടുത്ത പതിപ്പില്‍ പ്രതീക്ഷിക്കാം.
ബാറ്ററി ശേഷിയില്‍ അടുത്ത അപ്ഗ്രേഡിന് സമയമായി എന്ന ബോദ്ധ്യം ആപ്പിളിനുണ്ട്. കൂടുതല്‍ കരുത്തുള്ള പ്രോസസ്സറും, സ്ക്രീനും ഉപയോഗിക്കുമ്പോള്‍ അണക്കെട്ട് തുറന്നപോലെ ബാറ്ററി ചാര്‍ജ് തീരരുത് എന്നാണ് ആപ്പിളും ആഗ്രഹിക്കുന്നത്. ക്വിക്ക് ചാര്‍ജിംഗ് സംവിധാനത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നതിനപ്പുറം മൊത്തം, ബാറ്ററി സംവിധാനത്തില്‍ അഴിച്ചുപണിയും ആപ്പിള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
128GB/256GB സ്റ്റോറേജ് ഫോണുകളിലേക്കാണ് ആപ്പിള്‍ ഇനി കണ്ണുവയ്ക്കുന്നത് എന്നാണ് മറ്റൊരു അഭ്യൂഹം, ക്ലൗഡ് സ്റ്റോറേജ് പോലുള്ള സംവിധാനങ്ങളെ എങ്ങനെ സംയോജിപ്പിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്യാമറയിലും ഇനി മാറ്റങ്ങളുണ്ട്. ഫോട്ടോ എടുക്കലിനു മാത്രമല്ല ബാര്‍ കോഡ് സ്‌കാനിങ്ങിനു മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പുറത്തേക്കു നോക്കുന്നതു വരെ ക്യാമറയിലൂടെയാണ്. ക്യാമറയുടെ ശക്തി എത്ര കൂടുന്നോ അത്ര നന്ന്. കൂടുതല്‍ വലിയ സെന്‍സറും മറ്റും ഉപയോഗിച്ച് ക്യാമറയുടെ ശേഷി വര്‍ധിപ്പിക്കാന്‍ നോക്കാവുന്നതാണ്.