ന്യൂയോര്‍ക്ക്: സ്നാപ്ചാറ്റിനെ അങ്ങനെ വിട്ടാൽ പറ്റില്ല എന്നാണ് ഫേസ്ബുക്കിൻ്റെ തീരുമാനം. വൈവിധ്യവൽക്കരണത്തിലൂടെ സ്നാപ്ചാറ്റ് കുതിക്കുമ്പോൾ തങ്ങളുടെ കൈയിലുള്ള ഇൻസ്റ്റഗ്രാമിനെ മത്സരക്ഷമമാക്കാനാണ് ഫേസ്ബുക്കിൻ്റെ തീരുമാനം. ഇതുവരെ ചിത്രങ്ങളും വീഡിയോയും മാത്രം ഷെയർ ചെയ്യാനായിരുന്നു ഇൻസ്റ്റഗ്രാമിലെ സൗകര്യമെങ്കിൽ ഇനി അതിന് ആസ്പദമായ സംഭവകഥകൾ കൂടി പങ്കുവെക്കാനാണ് വഴിയൊരുങ്ങുന്നത്. ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ്റെ വെബ് പതിപ്പിനെ ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണിത്.
മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് പ്രയാസം നേരിടുന്നവരെ കൂടി മുന്നിൽ കണ്ടാണ് വെബ്പതിപ്പ് ശക്തിപ്പെടുത്തുന്നത്. നിലവിൽ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്താൽ 24 മണിക്കൂർ കഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന രീതിയാണുണ്ടായിരുന്നത്. ഇൗ വർഷം ഇൻസ്റ്റാഗ്രാം അനുഭവം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
ആപിന് പകരം ഇൻസ്റ്റാഗ്രാം വെബിലൂടെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇതിൽ 80 ശതമാനം ഉപയോക്താക്കളും അമേരിക്കക്ക് പുറത്തുള്ളവരാണ്. അന്താരാഷ്ട്രതലത്തിൽ വളർച്ച കൊണ്ടുവന്ന് സ്നാപ്ചാറ്റിനോട് മൽസരിക്കാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൻ്റെ തീരുമാനം.