ആദ്യ ജോലിയ്ക്ക് ഈ ശമ്പളത്തിന്‍റെ 'പവർ' ചെറുതല്ല, പുതിയ പ്രോഗ്രാമുമായി ഐടി കമ്പനി ഇൻഫോസിസ്
ബെംഗളൂരു: കോളജുകൾക്കായി 'പവർ പ്രോഗ്രാം' ആരംഭിച്ച് ഐടി സേവനരംഗത്തെ പ്രമുഖരായ ഇൻഫോസിസ്. ക്യാംപസ് പ്ലേസ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നീക്കം. പ്രതിവർഷം ഒമ്പത് ലക്ഷം രൂപയുടെ വരെ ശമ്പള പാക്കേജുകളാണ് കമ്പനി ഫ്രെഷേഴ്സിന് നല്‍കുന്നത്. സാധാരണയായി 3-3.5 ലക്ഷം രൂപയുടെ വാര്‍ഷിക പാക്കേജ് വരുന്ന സ്ഥാനത്താണ് ഇന്‍ഫോസിസിന്‍റെ പുതിയ നീക്കമെന്നും ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലൗഡ് കംപ്യൂട്ടിംഗ്, AI/ML, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായവരെ നിയമിക്കുന്നതിൽ ഐടി സ്ഥാപനങ്ങൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഉയർന്ന സാലറി പാക്കേജുകൾ. 2025 സാമ്പത്തിക വര്‍ഷത്തില്‍ 15,000-20,000 ബിരുദധാരികളെ ജോലിക്കെടുക്കാനാണ് ഇന്‍ഫോസിസ് പദ്ധതിയിടുന്നത്. അതേസമയം ടിസിഎസ്‍ 40,000 ഫ്രഷേഴ്‌സിനെയും ജോലിക്കെടുക്കാന്‍ ആലോചിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമൊരു ഡിജിറ്റൽ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത നിർണായകമായ മാറ്റം എഐ വികസനത്തിലാണെന്നതും വിദഗ്ധർ തന്നെ സമ്മതിക്കുന്നുണ്ട്. സെൽഫ് ഡ്രൈവിങ് കാറുകൾ മുതൽ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് വരെ എഐയിലൂടെ സാധ്യമാകുന്ന ഒരു കാലമാണ് വരുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'പവർ' പ്രോഗ്രാമിലൂടെ ഇൻഫോസിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇത്തരം സാങ്കേതിക വിദ്യകളിലാണ്.
എഐ, ജെൻഎഐ, മെഷീൻ ലേണിങ് എന്നിവയിലെ തൊഴിൽ അവസരങ്ങളാണ് അതിൽ പ്രധാനം. എഐ അൽഗോരിതങ്ങൾ വികസിപ്പിക്കുന്നതും നടപ്പിലാക്കുന്നതിനുമായുള്ള എഐ എഞ്ചിനീയറാണ് അതിൽ മുൻപന്തിയിലുള്ളത്. ഫിനാൻസ്, ഹെൽത്ത് കെയർ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് ഉയർന്ന ഡിമാൻഡുണ്ട്. മെഷീൻ ലേണിംഗ് എഞ്ചിനീയറാണ് മറ്റൊന്ന്. മെഷീൻ ലേണിങ് മോഡലുകൾ നിർമ്മിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് ഈ എഞ്ചിനീയർമാർ. എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് ഇവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം