ചെന്നൈ: രാജ്യത്തെ ആളുകള്‍ പ്രതിദിനം ശരാശരി രണ്ടര മണിക്കൂര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. 2017 ആദ്യ മൂന്നു മാസത്തെ കണക്കാണിത്. അതേ സമയം 2016ല്‍ ഇത് പ്രതിദിനം രണ്ടു മണിക്കൂറായിരുന്നു ഇത്.
ആപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ഇന്ത്യ. ശരാശരി ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ് ഈ രാജ്യങ്ങള്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഡേറ്റ അനലറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയുടേതാണ് റിപ്പോര്‍ട്ട്.
രാജ്യാന്തര തലത്തില്‍ വ്യാപകമായി ആപ്പുകളുടെ ഉപയോഗം കൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷം കോടി മണിക്കൂറോളമാണ് ആപ്പ് ഉപയോഗത്തിലുണ്ടായ വര്‍ധന. ഏകദേശം ഒമ്പത് ആപ്പുകളാണ് പ്രതിദിനം രാജ്യാന്തരതലത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്രസീല്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലുള്ളവര്‍ പ്രതിദിനം 10 ആപ്പെങ്കിലും ഉപയോഗിക്കുന്നുണ്ട്.
2017ലെ ആദ്യമൂന്ന് മാസത്തെ കണക്കുപ്രകാരം ഇന്ത്യക്കാര്‍ എണ്‍പതോളം ആപ്പുകളാണു സ്‌മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതില്‍ 40 ആപ്പുകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളാണു രാജ്യത്ത് ഉപയോഗത്തില്‍ മുന്നില്‍. വരും വര്‍ഷങ്ങളില്‍ ആപ്പുകളുടെ ഉപയോഗം വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍.