ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തി. ഇത്രയുംകാലം ഒന്നാമതായിരുന്ന അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫേസ്ബുക്ക് ഉപയോഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂലൈ 13ലെ കണക്ക് അനുസരിച്ച് 241 മില്യൺ ഇന്ത്യക്കാരാണ് ഫേസ്ബുക്കിലുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 240 മില്യണാണ്. ഇപ്പോൾ ലോകത്താകമാനം രണ്ടു ബില്യൺ പേർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വരെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ അമേരിക്ക ഏറെ മുന്നിലായിരുന്നു. എന്നാൽ 2017ൽ തുടക്കംമുതൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഏഴാം മാസം പാതിയെത്തുമ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ബ്രസീൽ മൂന്നാമതും ഇന്തോനേഷ്യ നാലാം സ്ഥാനത്തുമാണ്. മെക്സിക്കോ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റു രാജ്യങ്ങൾ. അതേസമയം ഏറ്റവുമധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള നഗരം ബാങ്കോക്കാണ്. രണ്ടാം സ്ഥാനം ജക്കാർത്തയും മൂന്നാം സ്ഥാനം ധാക്കയ്ക്കുമാണ്. ആറാമതുള്ള ദില്ലിയാണ് ഈ പട്ടകയിൽ ആദ്യ പത്തിൽ ഇടംനേടിയ ഇന്ത്യൻ നഗരം.