ലോകത്ത് കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

By Web Desk  |  First Published Jan 5, 2025, 12:13 PM IST

ലോകത്ത് 2024ല്‍ ഡാറ്റ ലീക്കിന് കാരണമായ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെന്ന് റിപ്പോര്‍ട്ട് 


ദില്ലി: ലോകത്ത് 2024ല്‍ ഡാറ്റ ലീക്കിലേക്ക് നയിച്ച സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവന്ന രാജ്യങ്ങളുടെ കണക്കില്‍ ഇന്ത്യ രണ്ടാമത്. 2024ല്‍ ഇന്ത്യയിലെ 95 സ്ഥാപനങ്ങള്‍ ഡാറ്റ ലീക്കിന് ഇരയായതായാണ് ക്ലൗഡ്‌സേക്കിന്‍റെ റിപ്പോര്‍ട്ട്. ഡാറ്റ ബ്രീച്ചിലേക്ക് നയിച്ച 140 സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. 57 സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടിവന്ന ഇസ്രയേലാണ് മൂന്നാം സ്ഥാനത്ത്. 

ഡാര്‍ക്ക് വെബ് ഡാറ്റകള്‍ വിശകലനം ചെയ്‌ത് ക്ലൗഡ്‌സേക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 2024ല്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ലീക്ക് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതായത്. അതിവേഗം ഡിജിറ്റിലൈസേഷന്‍ വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഫിനാന്‍സിംഗ്, ബാങ്കിംഗ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ഡാറ്റ ബ്രീച്ച് നടന്നത്. 20 കേസുകള്‍ ഇത്തരത്തിലുണ്ടായി. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 13 സൈബര്‍ ആക്രമണങ്ങളും ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട 12 അറ്റാക്കുകളും ഹെല്‍ത്ത് കെയര്‍ മേഖലയുമായി ബന്ധപ്പെട്ട 10 സൈബര്‍ ആക്രമണങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെട 9 സൈബര്‍ അറ്റാക്കും കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 

Latest Videos

അമേരിക്കയെ സാമ്പത്തിക, സാങ്കേതിക കാരണങ്ങളും ഇസ്രയേലിനെ ജിയോപൊളിറ്റിക്കല്‍ വിഷയങ്ങളുമാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 

ഇന്ത്യയില്‍ 2024ല്‍ രാജ്യം ഞെട്ടിയ വലിയ ഡാറ്റ ബ്രീച്ചുകള്‍ സംഭവിച്ചിരുന്നു. ഇന്ത്യന്‍ പൗരന്‍മാരുടെ 850 മില്യണ്‍ വിവരങ്ങള്‍ ഹൈ-ടെക് ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നതും, ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിലെ ചോര്‍ച്ചയും, ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍റുകളില്‍ നിന്ന് 2ടിബി സെന്‍സിറ്റിവ് ഡാറ്റകള്‍ ചോര്‍ന്നതും ഇവയില്‍ ചിലതാണ്. 2024ല്‍ 108 റാന്‍ഡ്‌സംവെയര്‍ സൈബര്‍ ആക്രമണങ്ങളും രാജ്യത്തുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.  

Read more: സ്റ്റാര്‍ ഹെല്‍ത്ത് ത്രിശങ്കുവില്‍, 3.1 കോടിയാളുകളുടെ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ടെലഗ്രാമില്‍; കനത്ത ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!