ഐആർസിടിസി ആപ്പ് ഡൗണായാൽ പേടിക്കേണ്ട, പരിഹാരമുണ്ട്; ഇങ്ങനെയും റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം

By Web Desk  |  First Published Dec 31, 2024, 3:20 PM IST

ഇന്നും ഐആര്‍സിടിസി ആപ്ലിക്കേഷനും വെബ്സൈറ്റും പ്രവര്‍ത്തനരഹിതമായി, ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കണം 


തിരുവനന്തപുരം: പുതുവത്സര തലേന്നും രാജ്യത്തെ പ്രധാന റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി പണിമുടക്കി. ഇന്ന് തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആപ്പും വെബ്‌സൈറ്റും പ്രവര്‍ത്തനരഹിതമാണെന്ന കാര്യം യാത്രക്കാര്‍ അറിഞ്ഞത്. ഐആര്‍സിടിസി ആപ്ലിക്കേഷനും വെബ്‌സൈറ്റും ലഭ്യമല്ലെങ്കില്‍ എങ്ങനെ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ക്യാന്‍സല്‍ ചെയ്യാമെന്നും നോക്കാം. 

ഇന്ത്യൻ റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ IRCTC. ഡിസംബര്‍ മാസം രണ്ടാം തവണയും ഐആര്‍സിടിസി ആപ്ലിക്കേഷന്‍റെയും വെബ്‌സൈറ്റിന്‍റെയും പ്രവര്‍ത്തനം തടസപ്പെട്ടു. "മെയിന്‍റനൻസ് പ്രവർത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക"- എന്നായിരുന്നു യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഐആർസിടിസി വെബ്‌സൈറ്റിലെ സന്ദേശം. ഡൗൺട്രാക്കർ പറയുന്നതനുസരിച്ച് ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറുകളെക്കുറിച്ച് 2,500-ലധികം പരാതികള്‍ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും മറ്റ് മാർഗങ്ങൾ തേടാം. 

Latest Videos

1. ഉദാഹരണത്തിന്, ഐആർസിടിസി റെയിൽ കണക്ട് ആപ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ബദല്‍ മാര്‍ഗങ്ങളിലൊന്ന്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ഡൗൺലോഡ് ചെയ്യുക. ട്രെയിനുകൾ തിരയാനും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.

2. അംഗീകൃത ടിക്കറ്റ് ഏജന്‍റുമാരാണ് മറ്റൊരു മാർഗം. ഐആർസിടിസി അംഗീകൃത ഏജന്‍റ് അല്ലെങ്കിൽ ട്രാവൽ ഏജൻസി സന്ദർശിക്കുക. നിങ്ങളുടെ യാത്രാ വിശദാംശങ്ങൾ നൽകുക, അവർക്ക് നിങ്ങളുടെ പേരിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

3. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ മറ്റൊരാശ്രയമാണ്. നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോയി ഒരു റിസർവേഷൻ ഫോം പൂരിപ്പിക്കുക. കൗണ്ടറിൽ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുക.
 
4. തേർഡ് പാർട്ട് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളാണ് മറ്റൊരു ഓപ്ഷൻ. പേടിഎം, മെയ്ക്ക് മൈ ട്രിപ്പ്, കൺഫോംടിക്കറ്റ്, അല്ലെങ്കിൽ റെ‍ഡ് ബസ് പോലുള്ള വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഈ സേവനങ്ങൾ ഐആർസിടിസിയുമായി സംയോജിപ്പിച്ചിട്ടുണ്ട്.

5. ഇന്ത്യൻ റെയിൽവേ ഹെൽപ്പ് ലൈനെയും (ഡയൽ 139) ആശ്രയിക്കാം. ട്രെയിൻ ലഭ്യതയെക്കുറിച്ച് അന്വേഷിക്കുന്നതിനും അവരുടെ ഇന്‍ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) സിസ്റ്റം അല്ലെങ്കിൽ ഏജന്‍റ് സഹായം വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും 139 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചാൽ മതി.

6. ഇന്ത്യയിലെ ചില പോസ്റ്റ് ഓഫീസുകൾ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഈ സൗകര്യമുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കാം.

റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും...

റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനുമായി ഹെൽപ്പ് ലൈൻ നമ്പറുകളായ 14646, 08044647999, 08035734999 എന്നിവയില്‍ വിളിക്കാം. ഈ നമ്പറുകളില്‍ ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങള്‍ കൈമാറിയാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനാകും. ടിക്കറ്റ് റദ്ദാക്കാന്‍ മറ്റൊരു ഓപ്ഷന്‍ കൂടിയുണ്ട്. ടിക്കറ്റ് വിവരങ്ങള്‍ സഹിതം etickets@irctc.co.in എന്ന ഇമെയിൽ ഐഡിയിലേക്ക് സന്ദേശം അയച്ചാലും ഇന്ത്യന്‍ റെയില്‍വേയിലെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാനും കഴിയുന്നതാണ്. 

Read more: പുതുവർഷത്തിന് തൊട്ട് മുമ്പ് തകർന്ന് അടിഞ്ഞ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!