ദില്ലി: 398 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്നവർക്കെല്ലാം 3,300 രൂപ ക്യാഷ്ബാക്ക് ആയി നൽകുമെന്നാണ് ഐഡിയയുടെ പുതിയ ഓഫർ. ആദ്യമായി
ഓൺലൈൻ സൈറ്റിലൂടെ റീചാർജ് വൗച്ചേഴ്സ്, വോലറ്റ് ക്യാഷ്ബാക്ക്, ഷോപ്പിംഗ് കൂപ്പണുകൾ എന്നീ രൂപത്തിലാണ് 3,300 രൂപ തിരിച്ചു നൽകുന്നത്. ഐഡിയ മാജിക് ക്യാഷ്ബാക്ക് ഓഫർ ഫെബ്രുവരി 10 വരെ ലഭിക്കും.
398 രൂപയ്ക്കും അതിനു മുകളിലുമുള്ള പ്രീപെയ്ഡ് റീചാർജുകൾക്ക് 50 രൂപ വീതം എട്ട് ഡിസ്കൗണ്ട് വൗച്ചറുകളായി ലഭിക്കും. ഈ വൗച്ചറുകൾ ഭാവിയിൽ 300 രൂപയോ അതിൽ കൂടുതലോ ഉള്ള റീചാർജുകൾ ഉപയോഗിക്കാം. ജിയോയുടെ പ്ലാനിനു സമാനമായാണ് ഐഡിയ ഓഫറും നൽകുന്നത്. ഐഡിയ ഓഫർ പ്രകാരം ഉപഭോക്താവിന് 2,700 രൂപയുടെ അഞ്ച് ഷോപ്പിങ് കൂപ്പണുകളും ലഭിക്കും.
ഐഡിയയുമായി സഹകരിക്കുന്ന ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാൻ കഴിയും. മൈഐഡിയ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ ഐഡിയ വെബ്സൈറ്റിലൂടെയോ റീചാർജ് ചെയ്യുമ്പോൾ ഉപയോക്താവിന് 200 രൂപ വരെ വോലറ്റ് ക്യാഷ്ബാക്ക് ലഭിക്കും.
ഐഡിയയുടെ 398 പ്ലാനിൽ നിലവിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ (ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ്) ദിവസം ഒരു ജിബി ഡേറ്റ, 100 എസ്എംഎസ് നൽകുന്നുണ്ട്. 70 ദിവസമാണ് കാലാവധി. അതായത് മൊത്തം 70 ജിബി ഡേറ്റ ഉപയോഗിക്കാം. എയർടെൽ, വോഡഫോൺ എന്നിവയുടെ 399 രൂപയുടെ പ്ലാനിലും അൺലിമിറ്റഡ് കോളുകളും (ലോക്കൽ, റോമിംഗും) 70 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയും നൽകുന്നുണ്ട്. റിലയൻസ് ജിയോയുടെ 399 പ്ലാനിൽ 84 ദിവസമാണ് കാലാവധി.
ഇതിനു പുറമെ 179 രൂപയ്ക്ക് ഐഡിയ 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ നൽകുന്നുണ്ട്. ഈ പ്ലാൻ നേരത്തെ 198 രൂപയായിരുന്നു. 449 രൂപ പ്ലാനിൽ 82 ദിവസത്തേക്ക് 82 ജിബി ഡേറ്റയും ഐഡിയ ഓഫർ ചെയ്യുന്നു.