മയക്കുമരുന്ന് ഉപയോഗിച്ച് ദിവസങ്ങള്‍ പിന്നിട്ടാലും പൊക്കും; സാങ്കേതികവിദ്യ ഹൈദരാബാദ് പൊലീസിന് ലഭിച്ചേക്കും

By Web Team  |  First Published May 27, 2024, 12:07 PM IST

ഇസ്രയേലി സാങ്കേതികവിദ്യയിലുള്ള ഈ നൂതന പരിശോധനാ സംവിധാനത്തിന് 60-80 ലക്ഷം രൂപയാണ് വില


ഹൈദരാബാദ്: മയക്കുമരുന്ന് കേസുകളില്‍ സാംപിള്‍ പരിശോധനയ്ക്ക് ഇസ്രയേലി സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ഹൈദരാബാദ് പൊലീസിന്‍റെ ആലോചന. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് 72 മണിക്കൂര്‍ വരെ സാംപിള്‍ പരിശോധന വഴി വേഗത്തിലും കൃത്യതയിലും അറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത് എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തു. ഒരു കമ്പ്യൂട്ടര്‍ പ്രിന്‍ററിന്‍റെ വലിപ്പമുള്ള ഈ മെഷീന്‍ ഉപയോഗിച്ച് രക്തസാംപിളും മൂത്രവും ഉമിനീരും മയക്കുമരുന്ന് സാംപിളും പരിശോധിക്കാമെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. 

ഇസ്രയേലില്‍ നിന്നുള്ള ഈ നൂതന സംവിധാനത്തിന് 60-80 ലക്ഷം രൂപയാണ് വില. മയക്കുമരുന്ന് ഉപയോഗിച്ച് 72 മണിക്കൂര്‍ വരെയായ ആളെ ഈ മെഷീന്‍ ഉപയോഗിച്ചുള്ള സാംപിള്‍ പരിശോധന വഴി തിരിച്ചറിയാം. മയക്കുമരുന്ന് കേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് ഹൈദരാബാദ് പൊലീസിന്‍റെ പ്രതീക്ഷ. ഈ മെഷീനില്‍ നിന്നുള്ള ഫലം ഇസ്രയേലും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലും നടപ്പായാല്‍ വേഗത്തില്‍ മയക്കുമരുന്ന് കേസുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും എന്ന് ഹൈദരാബാദ് ക്ലൂസ് ടീം തലവന്‍ ഡോ. വെങ്കണ്ണ ദി ഹിന്ദുവിനോട് പറഞ്ഞു.  

Latest Videos

undefined

മയക്കുമരുന്ന് കേസുകളില്‍ സമയം വൈകാതെ സാംപിള്‍ ശേഖരിക്കുന്നതും ഏത് മയക്കുമരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കൃത്യമായി കണ്ടെത്തുന്നതും പ്രധാനമാണ്. പ്രതിയുടെ മൂത്രസാംപിള്‍ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്ന 12 പാനല്‍ ഡ്രഗ് കിറ്റാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ച് 24 മണിക്കൂറിന് ശേഷമാണ് പരിശോധിക്കുന്നത് എങ്കില്‍ കൃത്യമായ ഫലം ഈ പരിശോധനയില്‍ ലഭിക്കണമെന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതാണ് പുതിയ പരിശോധന സംവിധാനത്തിലേക്ക് തിരിയാന്‍ ഹൈദരാബാദ് പൊലീസിനെ പ്രേരിപ്പിക്കുന്നത്. ഇസ്രയേലി സാങ്കേതികവിദ്യയിലുള്ള പരിശോധന സംവിധാനം വഴി മെറ്റബോലൈറ്റ് ടെസ്റ്റാണ് നടത്തുന്നത് എന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ച് 72 മണിക്കൂര്‍ ആയാലും കൃത്യമായ ഫലം ലഭിക്കും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

രാജ്യത്ത് മയക്കുമരുന്ന് ഉപയോഗ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദ് പൊലീസിന്‍റെ നിര്‍ണായക നീക്കം. 2024ന്‍റെ ആദ്യപാദത്തില്‍ മാത്രം തെലങ്കാന ആന്‍‌ഡി നര്‍ക്കോട്ടിക്‌സ് ബ്യൂറോ 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ 981 അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് പരിശീലനം തേടിയ ഉദ്യോഗസ്ഥരുടെ സഹായം പൊലീസിന് വേണ്ടിവരും. 

Read more: എഐ ജോലി കളയുമെന്ന് വലിയ പേടി വേണ്ട; മനുഷ്യബുദ്ധി ആവാഹിക്കാന്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മെറ്റ എഐ തലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!