നീണ്ട 40 മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റിലായി പ്രമുഖ യൂട്യൂബര്‍; കരയിച്ച് വീഡിയോ, ശ്രദ്ധിക്കണമെന്ന് ഉപദേശം

By Web Desk  |  First Published Jan 7, 2025, 3:49 PM IST

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവത്ക്കരണം സൃഷ്ടിക്കാനായാണ് തന്‍റെ അനുഭവം അങ്കുഷ് ബഹുഗുണ ഇന്‍സ്റ്റഗ്രാം വീഡിയോയായി പങ്കുവെച്ചത്


ദില്ലി: നീണ്ട 40 മണിക്കൂര്‍ നേരം സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയനാവുക! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും അറിയപ്പെടുന്ന യൂട്യൂബറായ അങ്കുഷ് ബഹുഗുണയ്ക്കാണ് ഈ ദുരനുഭവം സംഭവിച്ചത്. ഇതോടെ അങ്കുഷ് ഒരു തീരുമാനമെടുത്തു. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ ആളുകള്‍ വീഴുന്നത് പതിവായിരിക്കുന്ന പശ്ചാത്തലത്തില്‍ തന്‍റെ അനുഭവം വിവരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ബോധവല്‍ക്കരണ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് അങ്കുഷ് ബഹുഗുണ. 

യൂട്യൂബറായ അങ്കുഷ് ബഹുഗുണയെ മൂന്ന് ദിവസം ആരും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടില്ല. മൂന്ന് ദിവസം, അതായത് 40 മണിക്കൂര്‍ നേരം അങ്കുഷിനെ സൈബര്‍ അറസ്റ്റില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു തട്ടിപ്പ് സംഘം ചെയ്തത്. അവിശ്വസനീയമായ ഈ തട്ടിപ്പില്‍ എങ്ങനെയാണ് തന്നെ സൈബര്‍ തട്ടിപ്പ് വീരന്‍മാര്‍ തടങ്കലിലാക്കിയത് എന്ന് അങ്കുഷ് ബഹുഗുണ ഇന്‍സ്റ്റഗ്രാമില്‍ വിവരിക്കുന്നത് ഇങ്ങനെ. 'എന്‍റെ പണം നഷ്‌ടമായി, എന്‍റെ മാനസിക ആരോഗ്യം കൈവിട്ടുപോയി, എനിക്കീ ചതി സംഭവിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല, ആ ഞെട്ടല്‍ എനിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല'- ഏറെ ഞെട്ടലോടെ അങ്കുഷ് ബഹുഗുണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ പറയുന്നു. 

Latest Videos

അങ്കുഷ് ബഹുഗുണയെ പറ്റിച്ചത് എങ്ങനെ? 

കൊറിയര്‍ ഡെലിവറി ക്യാന്‍സലായി എന്ന് പറഞ്ഞുകൊണ്ട് വന്ന അന്താരാഷ്ട്ര ഫോണ്‍ കോളിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. അന്താരാഷ്ട്ര നമ്പറായിട്ടും അധികമൊന്നും ആലോചിക്കാതെ അങ്കുഷ് ബഹുഗുണ ആ കോള്‍ എടുത്തു. കൊറിയര്‍ ഡെലിവറി ക്യാന്‍സലായി എന്നായിരുന്നു ഓട്ടോമാറ്റിക് കോളില്‍ പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാന്‍ സീറോ അമര്‍ത്താന്‍ പറഞ്ഞു. സീറോ അമര്‍ത്തിയതും അങ്കുഷ് ആകെ കുടുങ്ങി. ഫോണ്‍ മറ്റൊരാള്‍ക്ക് കണക്റ്റ് ചെയ്തു. അങ്കുഷിന്‍റെ പേരില്‍ വന്ന പാഴ്‌സലില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ ഉണ്ടെന്ന് കാണിച്ച് കസ്റ്റംസ് പിടികൂടി എന്നായിരുന്നു ഫോണ്‍ കോളിലേക്ക് എത്തിയ ആഡ് ചെയ്യപ്പെട്ടയാള്‍ പറഞ്ഞത്. എന്നാല്‍ ഈ ആരോപണം അങ്കുഷ് നിഷേധിച്ചെങ്കിലും താങ്കളുടെ ആധാര്‍ കാര്‍ഡും വ്യക്തിവിവരങ്ങളും പാഴ്‌സലുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് കാണിച്ച് ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു തട്ടിപ്പ് സംഘം ചെയ്തത്. 

ഇതിലൊന്നും തട്ടിപ്പ് സംഘത്തിന്‍റെ ആരോപണങ്ങള്‍ നിന്നില്ല. അങ്കുഷ് ബഹുഗുണ സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് കടത്തും അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തു എന്നും ഫോണ്‍ കോളില്‍ എത്തിയവര്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. കേസുകളിലെ പ്രധാനപ്രതിയാണ് അങ്കുഷ് എന്നും അറസ്റ്റ് വാറണ്ടുണ്ട് എന്നും പറഞ്ഞതോടെ അങ്കുഷ് നടുങ്ങി. പൊലീസുമായി സംസാരിക്കാം എന്ന് പറഞ്ഞ് പൊലീസ് യൂണിഫോം ധരിച്ച ഒരാളെ പിന്നാലെ വാട്സ്ആപ്പ് കോളില്‍ അവതരിപ്പിക്കുകയും ചെയ്തു തട്ടിപ്പ് സംഘം. ലോകവുമായുള്ള മറ്റ് ബന്ധമെല്ലാം അവസാനിപ്പിക്കാന്‍ അങ്കുഷിനോട് നിര്‍ദേശിച്ച തട്ടിപ്പ് സംഘം അദേഹവുമായി തുടര്‍ച്ചയായി 40 മണിക്കൂര്‍ വീഡിയോ കോളില്‍ സംസാരിച്ചു. ഇങ്ങനെയായിരുന്നു അങ്കുഷ് ബഹുഗുണ സൈബര്‍ തട്ടിപ്പ് സംഘത്തില്‍ നിന്ന് നേരിട്ട ദുരനുഭവം. 

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവത്ക്കരണം സൃഷ്ടിക്കാനായാണ് തന്‍റെ അനുഭവം അങ്കുഷ് ബഹുഗുണ ഇന്‍സ്റ്റഗ്രാം വീഡിയോയായി പങ്കുവെച്ചത്. സംശയാസ്പദമായ കോളുകളിലും മെസേജുകളിലും ലിങ്കുകളില്‍ നിന്നും ജാഗ്രത പാലിക്കണമെന്ന് അങ്കുഷ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ എത്ര സമയം ചിലവഴിച്ചും, പരിശ്രമിക്കും ആളുകളെ കബളിപ്പിക്കും എന്ന് ഓര്‍മിപ്പിക്കുന്നതാണ് അങ്കുഷ് ബഹുഗുണയെ 40 മണിക്കൂര്‍ നേരെ ഡിജിറ്റല്‍ അറസ്റ്റില്‍ വച്ച സംഭവം. 

അങ്കുഷ് ബഹുഗുണയുടെ വീഡിയോ

Read more: ക്ലാസിക് ലുക്കിലേക്ക് മടക്കം? ഐഫോണ്‍ 17 ഫോണുകളില്‍ ഡിസൈന്‍ മാറ്റത്തിന് സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!