ദില്ലി: വാനാക്രൈ എന്ന റാൻസംവേർ വൈറസിന്റെ ആക്രമണത്തിന്റെ തോത് കുറയുന്നു. ഇന്നലെ വലിയ ആക്രമണം നടക്കുമെന്ന് ഭയന്നെങ്കിലും പേടിച്ച അളവില്‍ ആക്രമണം നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമേ രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കേരളത്തിലും ആന്ധ്രപ്രദേശിലുമാണ് ഇന്നലെ സൈബർ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച ആരംഭിച്ചു 150ലേറെ രാജ്യങ്ങളിൽ പടർന്ന ആക്രമണത്തെ നേരിടാൻ ഇന്ത്യയുടെ സൈബർ സുരക്ഷാ വിഭാഗങ്ങൾ പരമാവധി മുൻകരുതൽ എടുത്തിരുന്നു. ഇന്ത്യയുടെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീ (സെർട്ട്- ഇൻ)മിന് തിങ്കൾ വൈകുന്നേരം വരെ ഒറ്റപ്പെട്ട ആക്രമണ റിപ്പോർട്ടുകളേ ലഭിച്ചുള്ളൂ.
undefined
ബാങ്കിംഗ്, ടെലികോം, ഊർജം, റെയിൽവേ, വ്യോമഗതാഗതം തുടങ്ങിയ നിർണായക മേഖലകളിൽ അതീവ ജാഗ്രത പുലർത്തിയെന്നു സെർട്ട് തലവൻ സഞ്ജയ് ബഹൽ പറഞ്ഞു.
ചൈനയിൽ പെട്രോ ചൈനയുടെ നിരവധി പെട്രോൾ സ്റ്റേഷനുകളിൽ കംപ്യൂട്ടറുകൾ പണിമുടക്കി. പോലീസ്, ട്രാഫിക് വിഭാഗങ്ങളുടെ കംപ്യൂട്ടറുകളിലും വൈറസ് കയറി. മുൻദിവസങ്ങളെ അപേക്ഷിച്ചു വളരെക്കുറച്ച് ആക്രമണങ്ങളേ ഇന്നലെ ഉണ്ടായുള്ളൂ. ജപ്പാൻ, കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചെറിയ തോതിൽ ആക്രമണമുണ്ടായി.
ബാങ്ക് എടിഎമ്മുകളെപ്പറ്റി ആശങ്ക വേണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധർ. രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിൽ 80 ശതമാനത്തിലും വിൻഡോസ് എക്സ്പി ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം(ഒഎസ്). എടിഎമ്മുകളിലെ ഒഎസ് പരിമിതമായ പ്രവർത്തനങ്ങൾ മാത്രം നടത്താവുന്ന വിധമാണു ക്രമപ്പെടുത്തിയിട്ടുള്ളത്. പണം നൽകലും ബാലൻസ് ചെക്ക് ചെയ്യലും പിൻ മാറ്റലും പോലുള്ള ഏതാനും കാര്യങ്ങൾ മാത്രം.
ബാക്കി പ്രവർത്തനങ്ങൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായതു വിലക്കിയിരിക്കുന്നു. അപ്പോൾ വാനാക്രൈ എന്ന റാൻസംവേർ അടക്കമുള്ള വൈറസുകൾക്ക് എടിഎമ്മിൽ പ്രവർത്തിക്കാനാവില്ല: ലൂസിഡ്യൂസ് എന്ന ഐടി സെക്യൂരിറ്റി സ്ഥാപനത്തിന്റെ സിഇഒ സാകേത് മോദി പറഞ്ഞു.
കഴിഞ്ഞ വർഷം വിവിധ ബാങ്കുകളുടെ 30 ലക്ഷത്തോളം എടിഎം - ഡെബിറ്റ് കാർഡുകളെ വൈറസ് ബാധിച്ചത് പലരെയും പേടിപ്പെടുത്തുന്നു. അത് എടിഎമ്മുകളുടെ ഒരു സെർവറിൽനിന്ന് സംഭവിച്ചതാണ്. ഒരു കമ്പനിയുടെ എടിഎമ്മുകളില്‍ അതിന്റെ സെർവറിൽനിന്നു വന്ന വൈറസ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു. സെർവറുകൾ ഇപ്പോൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്.
എടിഎമ്മുകൾ അടച്ചിടാൻ റിസർവ് ബാങ്ക് നിർദേശിച്ചതായി വാർത്ത പരന്നെങ്കിലും അങ്ങനെ നിർദേശിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എടിഎമ്മുകളിൽ സോഫ്റ്റ്വേർ അപ്ഡേറ്റ് ചെയ്ത് സൈബർ ആക്രമണ പ്രതിരോധം ബലവത്താക്കണമെന്നു മാത്രമേ ഉപദേശിച്ചുള്ളൂ.