ബിയജിംഗ്: സ്മാര്‍ട്ട്ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പായി പഠനം. ചൈനയിലെ ഷെൻചെൻ കൺസ്യൂമർ കൗൺസിലിന്റെ നേതൃത്വത്തിൽ ഷെൻചെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസംപ്ഷൻ ക്വാളിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഷെൻചെൻ കൺസ്യൂമർ കൗൺസിൽ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ 28 ബ്രാൻഡുകൾ പുറത്തിറക്കുന്ന 30 സ്മാർട്ട്ഫോൺ കെയ്സുകളിൽ വിഷാംശമുണ്ടെന്ന് സൂചിപ്പിക്കുന്നു. പ്രമുഖ ബ്രാന്റുകള്‍ എല്ലാം ഈ പട്ടികയില്‍ പെടുന്നു.
മനുഷ്യന് ഹാനികരമായ വിധത്തിൽ അപകടകരമായ അളവിൽ വിഷാംശം അടങ്ങിയിട്ടുള്ളതായും കണ്ടെത്തി. അനുവദനീയമായ അളിലും 47 മടങ്ങ് അധികം പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ) സാന്നിധ്യം ഐഫോൺ കെയ്സിൽ കണ്ടെത്തി. ചർമം, ശ്വാസകോശം, കരൾ, മൂത്രാശയം, ഉദരം എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഒരു കാരണം പിഎഎച്ചാണ്. അതേസമയം, ഷവോമി കെയ്സുകളിൽ പ്ലാസ്റ്റിസിസെറുകളുടെ അളവാണ് കൂടുതലായി കണ്ടെത്തിയത്. പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുവാണിത്.
പല ബ്രാന്റുകളും തങ്ങളുടെ സൈറ്റിലൂടെ വില്‍ക്കുന്നത് ഇത്തരം കെയ്സുകളാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ബ്രാൻഡ് ആയ യൂണിംഗ് പുറത്തിറക്കിയിരിക്കുന്ന കെയ്സുകളിൽ ഷിമ്മെറിംഗ് പൗഡറിന്റെ അംശം സുരക്ഷിതമായതിനേക്കാളും 1,550 മടങ്ങ് അധികമാണ്. രോമങ്ങൾ നീക്കം ചെയ്ത് ശരീരസൗന്ദര്യം വർധിപ്പിക്കാനുപയോഗിക്കുന്നതാണ് ഷിമ്മെറിംഗ് പൗഡർ.
വ്യവസായശാലകളിൽനിന്നുള്ള കോൾ ടാർ, കൽക്കരി, ബിറ്റുമിൻ തുടങ്ങിയവയും ചെടികൾ, മാലിന്യങ്ങൾ മുതലായവ കത്തിക്കുന്നതുവഴിയും അലുമിനിയം ഉത്പാദക സംവിധാനങ്ങളിലും പിഎഎച്ച് രൂപപ്പെടുന്നുണ്ട്. നിരന്തരമായ ശ്വസനം, സ്പർശനം എന്നിവയിലൂടെ പിഎഎച്ച് ശരീരത്തിൽ പ്രവേശിക്കുന്നത് കാൻസറിനു കാരണമാകുന്നു.