ഔട്ട്‌ഡേറ്റഡ്, പക്ഷേ ഹിസ്‌ബുല്ലയ്ക്ക് ഇപ്പോഴും പ്രിയം; പേജറുകള്‍ പൊട്ടിത്തെറിച്ചത് എങ്ങനെ? സംശയങ്ങള്‍ രണ്ട്

By Web TeamFirst Published Sep 18, 2024, 8:16 PM IST
Highlights

ഹിസ്ബുല്ല ആശയവിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയകാല പേജർ ഉപകരണമാണ്

ബെയ്‌റൂത്ത്: ലോകം ഇന്ന് വരെ കാണാത്ത യുദ്ധമുറയ്ക്കാണ് ലബനൻ സാക്ഷ്യം വഹിച്ചത്. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും നടന്ന സ്‌ഫോടനങ്ങളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോക ജനത. ഇറാന്‍റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ നൂറുകണക്കിന് 'പേജര്‍' ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 11 മരണം സ്ഥിരീകരിച്ചപ്പോള്‍ 3000ലധികം ആളുകൾക്ക് പരുക്കേറ്റു. പേജറുകളിലെ പൊട്ടിത്തെറിക്ക് പിന്നിൽ മൊസാദിന്‍റെ കൈകളാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു. ഇത്രയും പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച സംഭവം അസാധാരണങ്ങളിൽ അസാധാരണം.

ഹിസ്ബുല്ല ആശയവിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയകാല പേജർ ഉപകരണമാണ്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതി പേജർ ഉപയോ​ഗിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെടുകയായിരുന്നു. 

Latest Videos

എന്താണ് പേജർ?

മൊബൈൽ ഫോണുകൾക്ക് മുൻപ് പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജർ. കൈവെള്ളയിൽ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള ഇവ ചെറിയ മെസേജുകളും അലർട്ടുകളും സ്വീകരിക്കാനും അയക്കാനുമായി ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി വഴിയാണ് പേജറുകൾ പ്രവർത്തിക്കുന്നത്. വരുന്ന സന്ദേശങ്ങൾ തെളിയാൻ ചെറിയൊരു ഡിസ്‌പ്ലെ പേജറിൽ കാണാം. ഉപയോഗിക്കാനുള്ള എളുപ്പവും ദീർഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമർജൻസി സർവീസുകൾ അടക്കം പേജർ ഉപയോഗിക്കാൻ കാരണമാകുന്നു. ഒരു തവണ ചാർജ് ചെയ്താൽ  ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈൽ ഫോൺ റേഞ്ച് ഇല്ലാത്തയിടങ്ങളിൽ പേജറുകൾക്ക് പ്രസക്തിയുണ്ടെന്നത് മറ്റൊരു പ്രാധാന്യം. ഉപയോഗിക്കുന്നവരുടെ ലൊക്കേഷൻ കണ്ടുപിടിക്കുക പ്രയാസം. ഇതൊക്കെയാകാം ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകൾക്ക് പേജർ ഇപ്പോഴും പ്രിയപ്പെട്ടതാകാൻ കാരണം. 

സ്ഫോടനം എങ്ങനെ?

എങ്ങനെയാകും ഹിസ്ബുല്ലയറിയാതെ അവർ ഉപയോഗിക്കുന്ന പേജറുകളിൽ സ്‌ഫോടകവസ്‌തു നിറച്ചത്? എങ്ങനെ കൃത്യസമയത്ത് അത് പൊട്ടിത്തെറിച്ചു? പേജർ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചത്? രണ്ട് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. 

നിർമ്മാണ സമയത്തോ, പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ അകത്ത് ചെറിയ അളവിൽ സ്ഫോടനവസ്തു ഉൾപ്പെടുത്തിയിട്ടുണ്ടാകാം. നിർമ്മാണ കമ്പനിയെയോ കമ്പനിക്ക് വേണ്ടി ഘടകങ്ങൾ എത്തിച്ച് നൽകുന്നവരെയോ സ്വാധീനിച്ചോ അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആയിരിക്കാം ഇത് സാധ്യമാക്കിയിരിക്കുക. ഇതാണ് പലരും മുന്നോട്ടുവെക്കുന്ന ഒരു സാധ്യത. 

മറ്റൊന്ന് പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാം എന്നതാണ്. പ്രത്യേക ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്. രണ്ടാമത്തെ സാധ്യതയാണ് നടന്നതെങ്കിൽ ബാറ്ററിയുള്ള ഏത് ഇലക്ട്രോണിക് ഉപകരണത്തെയും ഭാവിയിൽ സ്ഫോടകവസ്തുവായി മാറ്റാനുള്ള അപകടകരമായ സാധ്യതയാണ് കാണുന്നത്

പൊട്ടിത്തെറിച്ചത് പുതിയ മോഡൽ

ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച സമയത്താണ് അംഗങ്ങളോട് ഹിസ്ബുല്ല മൊബൈൽ ഫോണുകൾക്ക് പകരം പേജറുകൾ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നത്. പൊട്ടിത്തെറിച്ചത് തായ്‌വാന്‍ ആസ്ഥാനമായ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളെന്നാണ് പ്രാഥമിക വിവരം. ഇത് സമീപ മാസങ്ങളിൽ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലുകളാണ്. എന്നാല്‍ ഈ പേജറുകളുടെ ബ്രാന്‍ഡ്‌നെയിം മാത്രമാണ് കൈവശമുള്ളതെന്നും ഉപകരണത്തിന്‍റെ നിര്‍മാണം മറ്റൊരു കമ്പനിയാണ് നടത്തുന്നത് എന്നുമാണ് ഗോൾഡ് അപ്പോളോ വാദിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

സ്ഫോടനത്തിന്‍റെ വ്യാപ്തി

ഉണ്ടായത് ചെറിയ സ്ഫോടനങ്ങളാണ്. പേജർ ഉപയോഗിച്ച വ്യക്തിക്കും അടുത്ത് നിന്നവർ ഇവർക്ക് മാത്രമാണ് മരണം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തത്. അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആളുകളുടെ മുഖത്തും കൈകളിലും വയറിലുമാണ് ഏറ്റവുമധികം പരുക്ക് പറ്റിയിട്ടിട്ടുള്ളത്. പൊട്ടിത്തെറികള്‍ വലിയ നാശനഷ്ടങ്ങൾക്കോ തീപിടിത്തത്തിനോ കാരണമായിട്ടില്ല എന്നാണ് വിലയിരുത്തൽ

എന്തുകൊണ്ട് ഇസ്രയേൽ പ്രതിസ്ഥാനത്ത്?

ഹമാസിന് വേണ്ടി സ്ഫോടകവസ്തുക്കൾ തയ്യാറാക്കി നൽകിയിരുന്ന, നൂറോളം ഇസ്രയേലികൾ കൊല്ലപ്പെടാൻ കാരണക്കാരനെന്ന് കരുതപ്പെടുന്ന യഹിയ അയ്യാഷിനെ 1996 ജനുവരി 5ന് ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. അയ്യാഷ് ഫോൺ കോൾ വന്ന് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മരണപ്പെടുകയായിരുന്നു. ഇസ്രയേലി സെക്യൂരിറ്റി ഏജൻസികൾ അയ്യാഷ് പോലുമറിയാതെ ഫോണിൽ സ്ഫോടകവസ്തുക്കൾ വയ്ക്കുകയായിരുന്നു. ഇന്നലെ നടന്ന സ്‌ഫോടനത്തിൽ മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത മിക്കവാറും ആളുകൾ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടവരാണ്. ആക്രമണ ചരിത്രം ഉള്ളതുകൊണ്ട് തന്നെ സംശയത്തിന്‍റെ നിഴൽ ഇസ്രയേലിന് മീതെയായി. 

ഇന്നലെ ലബനൻ വിറച്ചത് പോലെയൊരു ആക്രമണം ഹിസ്ബുല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 11 പേർ മരിക്കുകയും 3000ലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നിൽ മൊസാദിന്‍റെ കൈകളാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു. ഈ നിമിഷം വരെ ഇസ്രയേൽ ആരോപണം നിഷേധിച്ചിട്ടുമില്ല. ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. 

Read more: എന്താണ് പേജര്‍? ലെബനന്‍ സ്ഫോടന പരമ്പരയ്ക്ക് കാരണമായ ഇത്തിരിക്കുഞ്ഞന്‍ ഉപകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!