കെആര്‍കെ ഒരുക്കിയ കെണിയില്‍ വീണ പാവം മലയാളികള്‍.!

By Vipin Panappuzha  |  First Published Apr 26, 2017, 10:16 AM IST

സൈബര്‍ ലോകത്ത് വ്യാപകമാകുന്ന നെഗറ്റീവ് മാര്‍ക്കറ്റിംഗ് എന്ന സൈബര്‍ പ്രചരണ രീതിയുടെ വെളിച്ചത്തില്‍  കമാൽ റഷീദ് ഖാന്‍ എന്ന ബോളിവുഡ് നടന്‍ മോഹന്‍ലാലിന് എതിരെ നടത്തിയ പ്രസ്താവനകളും, മലയാളിയുടെ സൈബര്‍ പൊങ്കാലയും പരിശോധിക്കുകയാണ് ആഷിന്‍ തമ്പി

Latest Videos

undefined

സമൂഹ്യമാധ്യമങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാവാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? എഴുതുന്ന ഓരോ വാക്കും സൈബര്‍ലോകം മുഴുവന്‍ വൈറലായി കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? ലൈക്ക്, ഷെയർ, റീട്വീറ്റ് എന്നിവയോട് എന്തെന്നില്ലാത്ത സ്നേഹം കാണിക്കുന്ന ചിലരെ നമ്മുടെ ചുറ്റും ഇന്ന് കാണാം. അവരുടെ ആഗ്രഹം ഒന്ന് മാത്രമാണ് ജനങ്ങളുടെ സംസാരം എന്നെക്കുറിച്ച് അല്ലെങ്കില്‍ ഞാന്‍ പറയുന്ന വിഷയത്തിലാകണം. ഈ ആഗ്രഹത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന സൈബര്‍ ലോകത്തെ ഒറ്റബുദ്ധിയാണ് നെഗറ്റീവ് മാർക്കറ്റിംഗ്.

പേരിൽ കാണുന്ന പോലെ അത്ര നെഗറ്റീവ് അല്ല ഈ പരിപാടി. സ്വന്തമായി ബ്രാൻഡ് നെയിം ഒക്കെ ഉണ്ടാക്കിയവർ പാലിച്ചു പോന്നിരുന്ന സത്യ വഴികളിൽ നിന്ന് വേറിട്ട് നിൽക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാനഭാഗം. സ്വല്പം ചീപ്പ് ആണ് വഴിയെന്നതാണ് സത്യം.

ഒരു ഉഗ്രൻ ചിന്തയെ ഏറ്റവും മോശമായ രീതിയിൽ നടപ്പിലാക്കുന്നതാണ് നെഗറ്റീവ് മാർക്കറ്റിംഗ്. തുടക്കം ആളുകളുടെ സ്വഭാവ രീതിയെ കുറിച്ചും, അവരുടെ പെരുമാറ്റ രീതിയെ കുറിച്ചും പഠിക്കും എന്നിട്ട് അവരുടെയിടയിൽ "തങ്ങൾ" സംസാര വിഷയമാകാൻ വേണ്ടി ഒരു പ്ലാൻ ഉണ്ടാക്കി എടുക്കും. അടുത്തത് കൃത്യതയോടെ ഏറ്റവും തരംതാണ രീതിയിൽ ഈ പദ്ധതി നടപ്പിലാക്കുക എന്നതാണ്. അവസാനം, എതു തരത്തിലുള്ള പ്രശസ്തിയാണോ നേടാന്‍ ഉദ്ദേശിക്കുന്നത് അതിന് ശേഷം ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ തലയൂരാൻ പറ്റുന്നിടത്ത്‌ ഈ മാർക്കറ്റിംഗ് വൻ വിജയമായി മാറുന്നു.

നെഗറ്റീവ് മാർക്കറ്റിംഗ്നുള്ള ഏറ്റവും വലിയ ഉദാഹരണം ഈ അടുത്ത് സംസാര വിഷയമായ കെആര്‍കെ അഥവാ കമാൽ റഷീദ് ഖാനാണ്. തന്‍റെ പ്ലാനിന്റെ ആദ്യ പടി എന്ന നിലക്ക് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തെ  സൂപ്പർസ്റ്റാർ മോഹൻലാലിനെ വിമർശിച്ച് ട്വിറ്ററിൽ ഒരു കമന്‍റ് പാസ്സാക്കി. ഇത് ആരും കാണാതെയും അറിയാതെയും പോകാതെയിരിക്കാൻ, ഹാഷ്ടാഗ്- മെൻഷൻ എന്ന ഓപ്ഷൻസ് ഉപയോഗിച്ച് കൃത്യമായി എഴുതിയതായിരുന്നു ഈ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

ഇതറിഞ്ഞ കേരളത്തിലെ വളരെ ചുരുക്കം ആളുകൾ ഉടനെ തന്നെ കെആര്‍കെയുടെ പ്രൊഫൈൽ ഐഡി, പോസ്റ്റിന്‍റെ സ്‌ക്രീന്ഷോട്ട് എന്നിവ ഫേസ്ബുക്ക് വഴിയും വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഫാൻസ് പൊങ്കാല തുടങ്ങി. ഒരിക്കൽ ചീത്ത വിളിച്ചിട്ട് ഫാൻസ് ആ വഴിക്ക് പോകാതെയിരിക്കാൻ കെആര്‍കെ മോഹന്‍ലാല്‍ ഫാന്‍സിനെതിരെയും ട്വീറ്റ് ചെയ്തു. കൂടാതെ ഹാക്കർമാരോട് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു.

അത് വരെ വന്നു കൊണ്ടിരുന്ന ചീത്ത വിളികൾ, വെല്ലുവിളി കൂടി ആയതോടെ കേരളത്തിലെ സൈബര്‍ ലോകത്ത് സംഭവം സംസാര വിഷയമായി. ഒരു വശത്ത്‌ തന്‍റെ പ്ലാൻ വളരെ ഭംഗിയായി നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്ന കെആര്‍കെയും, മറ്റൊരു വശത്തു തലപുക‌ഞ്ഞ് ആലോചിച്ചു ട്രോളുകളും, ഹിന്ദിയിൽ തെറി വിളിയും മറ്റുമായി നെട്ടോട്ടം ഓടുന്ന പാവം മലയാളികള്‍, പ്രത്യേകിച്ച് സൂപ്പര്‍താരത്തിന്‍റെ ഫാന്‍സ്.

ഇതിന്‍റെ ഇടയിൽ എന്തെങ്കിലും ലൈക്ക്, ഷെയർ എന്നിവ ലഭിക്കാൻ വേണ്ടി ചില ഓണ്‍ലൈന്‍ പേജുകള്‍ നിരന്തരം ഇത് വാര്‍ത്തയാക്കി. മോഹൻലാലിനെ പുച്ഛിച്ച് കെആര്‍കെ, കേരളക്കരയെ അധിക്ഷേപിച്ചു കെആര്‍കെ എന്ന തലക്കെട്ടോടു കൂടി വാർത്തകൾ വന്നത്. ഇവയും വൈറലായി. കെആര്‍കെ ആഗ്രഹിച്ചത് പേരും ഫോളോവേഴ്‌സുമായിരുന്നു, നമ്മൾ കൊടുത്തതും അത് തന്നെയായിരുന്നു. 

ഒരിക്കൽ കെആര്‍കെയെ ചീത്ത പറഞ്ഞു കമന്‍റ് ഇട്ടവർ, ഇനി കെആര്‍കെയുടെ മറുപടി എന്തായിരിക്കും എന്നറിയാൻ വേണ്ടി അക്കൗണ്ട് ഫോളോ ചെയ്തിട്ടാണ് ഇറങ്ങിയത്. കുറച്ചു പേര് കെആര്‍കെ ആരാണെന്നു ഗൂഗിൾ ചെയ്തു, ചിലർ അദ്ദേഹത്തിന്‍റെ സിനിമകൾ പൊക്കി എടുത്ത് ട്രോളാക്കി, അദ്ദേഹത്തിന്റെ ഫിലിം റിവ്യൂസ്, വീഡിയോസ് എന്നിവ എല്ലാം വീണ്ടും സജീവമായി ടൈംലൈനിൽ ഓടി നടന്നു. അങ്ങനെ ഇതിലും വലിയ ഒരു വിജയം കെആര്‍കെ പോലും പ്രതീക്ഷിച്ചു കാണില്ല.

ജനങ്ങളുടെ ഓരോ ചീത്ത വിളിയോടും അസഹിഷ്ണത കാണിച്ച കെആര്‍കെ, നോട്ടം വെച്ചിരുന്നത് ഇതിനു ശേഷം വരാൻ പോകുന്ന വിജയത്തെ കുറിച്ചായിരുന്നു. 3 ദിവസത്തിനുള്ളിൽ കെആര്‍കെയെ ചുറ്റിപറ്റി വാർത്തകൾ വന്നു, ഫോളോവേഴ്‌സ് വന്നു, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ സബ്‌സ്ക്രൈബർസ് വന്നു. ഒടുവിൽ വേണ്ടത് ലഭിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ സൂപ്പർസ്റ്റാർ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും, ക്ഷമിക്കണം എന്ന് പറഞ്ഞു ഒരു ട്വീറ്റും പാസ്സാക്കി. തങ്ങളുടെ ചീത്ത വിളിയുടെയും, ഹാക്കിങ്ങ് ശ്രമങ്ങളുടെ ഫലമായാണ് ഈ ക്ഷമാപണം എന്ന് പറഞ്ഞു കെആര്‍കെയുടെ അവസാന ട്വീറ്റും മലയാളികൾ വൈറലാക്കി.

ഈ ഒരു വിഷയത്തിൽ നിന്ന് ആർക്ക് എന്ത് ലാഭമാണ് ഉണ്ടായത് എന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതാണ്. അവസാന ട്വീറ്റിൽ കെആര്‍കെ പറഞ്ഞത് മോഹൻലാൽ എന്ന നടനെ പറ്റി അറിയില്ല എന്നാണ്. നിങ്ങൾ ശരിക്കും അത് വിശ്വസിച്ചോ? 

ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുന്‍പാണ് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ അതെല്ലാം ഇന്ത്യയൊട്ടാകെ വാർത്തയുമായി. ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർസ്റ്റാർസ് മോഹൻലാലിനെ പ്രശംസിച്ചു പറയുന്ന ഓരോ നിമിഷവും അതെല്ലാം വർത്തയായിട്ടുണ്ട്. അതിനാല്‍ കെആര്‍കെ അറിഞ്ഞിരിക്കാന്‍ വഴിയില്ലെന്നത് വിരളമായ സാധ്യതയാണ്.

കെആര്‍കെ എന്ന ബുദ്ധി രക്ഷസന്‍റെ വിജയം നമ്മൾക്ക് ഒരു പാഠമാണ്. അദ്ദേത്തിന്‍റെ അവസാന ട്വീറ്റ് നമ്മൾ പ്രചരിപ്പിച്ചത് നമ്മുടെ വിജയം എന്ന് പറഞ്ഞാണ്. ഇത്രയും വലിയ മണ്ടത്തരം നമ്മൾ ഒരിക്കലും ചെയ്തു കാണില്ല. കെആര്‍കെയുടെ ക്ഷമാപണം വൈറലായതിലൂടെ അദ്ദേഹത്തിന് ഈ വിഷയത്തിൽ നിന്നു വളരെ എളുപ്പം തലയൂരാൻ സാധിച്ചു, ഒപ്പം മലയാളികൾക്ക് അദ്ദേഹത്തോട് തോന്നിയ ദേഷ്യം ഇല്ലാതാവുകയും ചെയ്തു. നല്ലവനായ ഉണ്ണി എന്ന ഇമേജ് വീണ്ടും കെആര്‍കെയ്ക്ക് ലഭിച്ചു.

ഇത് ആദ്യമായല്ല കെആര്‍കെ ഇത്തരം രീതി സ്വീകരിക്കുന്നത്. അമിതാബ് മുതല്‍ ബോളിവുഡിലെ യുവതാരങ്ങളോടുവരെ ഇത്തരത്തില്‍ കെആര്‍കെ സ്ഥിരമായി കൊമ്പുകോര്‍ക്കാറുണ്ടായിരുന്നു എന്നതാണ് സത്യം. എപ്പോൾ ഒക്കെ ജനശ്രദ്ധ വേണം എന്ന് തോന്നിയോ, അപ്പോൾ ഒക്കെ കെആര്‍കെ വിവിധ സിനിമാക്കാരെയും, മത പണ്ഡിതന്മാരെയും, രാഷ്ട്രീയക്കാരെയും വളരെ വൃത്തികെട്ട രീതിയിൽ വിമർശിച്ചിട്ടുണ്ട്. 

സമൂഹ മാധ്യമങ്ങളിൽ സജീവ ഇടപെടൽ നടത്തുന്ന നമ്മൾ മനസിലാക്കേണ്ടത് ഇത്തരം ആളുകൾ ധാരാളമുണ്ട് എന്ന യാഥാർഥ്യമാണ്. അവർ ശ്രദ്ധ കിട്ടാനായി നമ്മുടെ മതപരമായ ആചാരത്തെയും, മൂല്യങ്ങളെയും, ഐക്യത്തെയും, സെലിബ്രിറ്റികളെയും ഒക്കെ ഏറ്റവും താഴ്ന്ന രീതിയിൽ വിമർശിക്കും. ഇത് അറിവില്ലായ്മ കൊണ്ട് അവർ ചെയുന്ന പ്രവർത്തിയല്ല, മറിച്ചു വ്യക്തതയോടെ സംസാര വിഷമാകണം എന്ന് ലക്ഷ്യത്തോടെ ചെയ്യുന്ന തന്ത്രമാണ്. അവരെ മണ്ടന്മാർ എന്ന് വിളിച്ചു ഇത് പ്രചരിപ്പിക്കുന്ന നമ്മളാണ് യഥാർത്ഥത്തിൽ ഇവിടെ മണ്ടന്മാരാവുന്നത്.

നമ്മുടെ ഉത്തരവാദിത്തമാണ് ഇത്തരം വിവാദങ്ങൾക്ക് എതിരെ സഹിഷ്ണത കാണിച്ചു, ഇവരുടെ ചതി കുഴിയിൽ വീഴാതെ നോക്കുകയെന്നത്. നമ്മുടെ സമയം വിലപ്പെട്ടതാണ്, അത് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത് യാതൊരു ഗുണവും ചെയ്യില്ല.

ചെയ്യാൻ സാധിക്കുന്നതിൽ ഏറ്റവും മികച്ചത് ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കുന്നതിനു മുൻപ് ഇതിന്‍റെ ആവശ്യം ഉണ്ടോ എന്ന് സ്വയം ചിന്തിക്കുകയാണ്. നമ്മൾക്ക് ഗുണം ചെയുന്ന, സമൂഹത്തിൽ നല്ല സന്ദേശം കൊടുക്കുന്ന കാര്യങ്ങൾ പ്രചാരിപ്പിക്കാം. നല്ലതിന് വേണ്ടി നിലകൊള്ളാം.

(7പിഎം സ്റ്റാറ്റസ് സൈബര്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകനാണ് ലേഖകന്‍)

click me!