ഏതാനും ആഴ്ച മുന്‍പാണ് തങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 500 ദശലക്ഷം ഡൌണ്‍ലോഡുകള്‍ ലഭിച്ചെന്ന് യുസി ബ്രൌസര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ആ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നു. എന്താണ് ഇതിന്‍റെ യഥാര്‍ത്ഥ കാരണം? എന്നാല്‍ യുസി ബ്രൌസര്‍ അപ്രത്യക്ഷമായെങ്കിലും. ഇപ്പോഴും യുസി ബ്രൌസര്‍ മിനി ഇപ്പോഴും പ്ലേസ്റ്റോറില്‍ കാണാം.
എന്താണ് യുസി ബ്രൌസറിന്‍റെ അപ്രത്യക്ഷമാകലിന്‍റെ കാരണം എന്ന് ചൈനീസ് ടെക് ഭീമന്മാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണ് നേര്. എന്നാല്‍ സമീപകാലത്ത് ചൈനീസ് കമ്പനി ആലിബാബയുടെ കീഴിലുള്ള യുസി ബ്രൌസര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അത്ര നല്ലതല്ല അതിനുള്ള കാരണം എന്ന് തീര്‍ത്ത് പറയേണ്ടിവരും. വിവരങ്ങളുടെ സുരക്ഷിതത്വമാണ് യുസിയെ എന്നും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.
യുസി ബ്രൌസര്‍ ഉപയോക്താവിന്‍റെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി ചൈനീസ് സര്‍വറുകളിലേക്ക് അയക്കുന്നുണ്ട് എന്നതാണ് പ്രധാനമായും ഉയര്‍ന്ന ആരോപണം. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്താലും ആപ്പ് അവശേഷിപ്പിക്കുന്ന കുക്കികള്‍ ഈ പണി ചെയ്യും എന്ന് ചില പാശ്ചാത്യ ടെക് സെക്യൂരിറ്റി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആലിബാബ സംഭവത്തില്‍ പ്രതികരണം അറിയിച്ചില്ലെങ്കിലും. യുസിയുടെ ഒരു മുന്‍ എഞ്ചിനീയറായ മിക് റോസ് സംഭവത്തില്‍ വിശദീകരണം നല്‍കുന്നു. മിക് പറയുന്നത് ഇങ്ങനെ, യുസി ബ്രൌസര്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത് സംബന്ധിച്ച് എനിക്ക് ഒരു മെയില്‍ ലഭിച്ചു. അതില്‍ പറയുന്നത് ഈ വിലക്ക് 30 ദിവസത്തേക്കാണ് എന്നാണ്. ഇന്‍സ്റ്റാള്‍ ചെയ്ത വ്യക്തിയെ വഴിതെറ്റിക്കുന്ന തരത്തിലും, ആരോഗ്യപരമല്ലാത്ത രീതിയിലും പ്രചരണങ്ങള്‍ നടക്കുന്നതിനാലാണ് ഈ ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേ സമയം ആന്‍ഡ്രോയ്ഡ് സെന്‍ട്രല്‍ റിപ്പോര്‍ട്ട് എന്ന സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം. യുസി യൂണിയന്‍ എന്ന സംഘം പ്രതികരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. യുസി ബ്രൌസറിന് വേണ്ടി ഡെലലപ്പ്മെന്‍റും, റിസര്‍ച്ചും നടത്തുന്ന സംഘമാണിവര്‍. തങ്ങളുടെ യുസിക്കുള്ള പിന്തുണ തുടരും എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.