ദില്ലി: ക്യാഷ്ലെസ് ഇക്കണോമിയിലേക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ചുവട്മാറ്റം വേഗത്തിലാക്കാന്‍ ഭീം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധാര്‍ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആപ്പിലൂടെ പ്ലാസ്റ്റിക് മണി, വിസാ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ കാര്‍ഡ് കമ്പനികള്‍, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയെ കവച്ച് വയ്ക്കാം എന്നാണ് കേന്ദ്രം കരുതുന്നത്.
ആന്‍ഡ്രോയിഡ് ഫോണുള്ള ആര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാമെന്നും ഭാവിയില്‍ തള്ളവിരല്‍ ഉപയോഗിച്ച് മാത്രം ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താമെന്നുമാണ് ഇന്ന് ദില്ലിയില്‍ ഈ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്
ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡര്‍ മെഷീനും വാങ്ങേണ്ടി വരും. നിലവില്‍ രണ്ടായിരം രൂപയാണ് ഒരു ബയോമെട്രിക് മെഷീനിന്റെ വിപണി വില.
രണ്ടാഴ്ചയ്ക്ക് ശേഷമേ ആപ്ലിക്കേഷന്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങൂ. ആപ്പില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്
*99# എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഏതുതരത്തിലുള്ള മൊബൈലില്‍ നിന്നും അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യാനും ബാലന്‍സ് അറിയാനും അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കാനുമുള്ള സംവിധാനവും ഭീം ആപ്പിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല.
ഭീം ആപ്പ് പ്രവര്‍ത്തിക്കുന്ന വിധം
ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാരനും ഉപയോക്താവിനും ആപ്പ് വേണം, ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്‍റെ വിവരവും ആപ്പില്‍ ചേര്‍ക്കാം
ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്പേര്‍ഡ്, എടിഎം പിന്‍ നമ്പറിനും പകരം ഫിംഗര്‍ പ്രിന്‍റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം.
വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും.
ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാന്‍സാക്ഷനില്‍ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.