ഓസോൺ പാളിയിലെ വിള്ളല്‍ ചെറുതാകുന്നു

By Web Desk  |  First Published Jul 1, 2016, 2:20 PM IST

ന്യൂയോര്‍ക്ക്: ഓസോൺ പാളിയിലെ വിള്ളല്‍ ചെറുതാകുന്നതിന് തെളിവു ലഭിച്ചതായി ഗവേഷകർ. അന്‍റാർട്ടിക്കയ്ക്ക് മുകളിൽ രൂപം കൊണ്ട സുഷിരത്തിന് ഇപ്പോള്‍ ഇന്ത്യയുടെ വലിപ്പം മാത്രമാണുള്ളതെന്ന ഗവേഷകര്‍ വ്യക്തമാക്കി.  ആദ്യമായാണ് ഓസോൺ പാളിയിലെ വിള്ളല്‍ ചെറുതാകുന്നതിന്  തെളിവു ലഭിക്കുന്നത്.

ആന്‍റാര്‍ട്ടികിന് മുകളിലുള്ള ഒസോണ്‍ വിള്ളല്‍ ചെറുതായി വരുന്നുവെന്ന കണ്ടെത്തലിനാണ് ഒടുവില്‍ ശാസ്ത്രീയ അടിത്തറ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനടയില്‍ വിള്ളലിന്‍റെ വലിപ്പത്തില്‍ കാര്യമായ കുറവുണ്ടായെന്നാണ് ഗവേഷകര്‍ സ്ഥിരീകരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നാല്‍പ്പത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവാണ് ഇപ്പോള്‍ വിള്ളലിനുള്ളത്. 

Latest Videos

undefined

അതായത് വിള്ളലിന് ഇപ്പോഴുള്ളത് ഇന്ത്യ എന്ന രാജ്യത്തിന്‍റെ വലിപ്പം മാത്രം. ഓസോണ്‍ പാളിയെ അപകടത്തിലാക്കിയിരുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലില്‍ ഗണ്യമായ കുറവുണ്ടായതാണ്  വിള്ളല്‍ ചെറുതാകാന്‍ കാരണമെന്നാണ് ഗവേഷകരുടെ പക്ഷം. സിഎഫ്സിയില്‍ നിന്നും പുറംതള്ളപ്പെട്ടിരുന്ന ക്ലോറിന്‍ വാതകത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതിന് സ്ഥിരീകരണം ലഭിച്ചതായും ഗവേഷകര്‍ അവകാശപ്പെടുന്നു. 

1950 ല്‍ ആണ്  ഓസോണിലെ വിള്ളല്‍  ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 87ല്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം നിരോധിക്കുന്ന  മോണ്‍ട്രിയോള്‍ പ്രോട്ടോകോളില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. ആ നടപടിയുടെ വിജയമായാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ ചെറുതാകുന്നതിനെ ഗവേഷക ലോകം വിലയിരുത്തുന്നത്. 2005ല്‍ വിള്ളലിന് റെക്കോഡ് വലിപ്പമുണ്ടായത് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരുന്നു. 

ചിലിയിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള വാതകങ്ങളുടെ പുറംതള്ളലാണ് ഇതിന് കാരണമെന്ന് ഉപഗ്രഹങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതും ഇപ്പോള്‍ കുറഞ്ഞതായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ആ നിലയ്ക്ക് സിഎഫ്സിയുടെ പുറംതള്ളലും ഓപ്പം മലിനീകരണവും  തടയാനായാല്‍ പ്രതീക്ഷക്ക് വകയുണ്ടെന്നാണ്    ഗവേഷകരുടെ പക്ഷം.

click me!