ടെസ്‌ല, സ്പേസ് എക്സ്, എക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌കാണ് അടുത്ത ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് 'ഡോൺറോഡ് ടീം' സൈബര്‍ ഹാക്കിംഗ് സംഘം
വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ സൈബർ ആക്രമണങ്ങൾ നടത്തിയിരുന്ന 'ഡോൺറോഡ് ടീം' എന്നറിയപ്പെടുന്ന സൈബർ ഹാക്കിംഗ് ഗ്രൂപ്പ് ഇപ്പോൾ ശതകോടീശ്വരൻ ഇലോൺ മസ്‍കിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്. ഈ ഏപ്രിൽ മാസം മുഴുവനും മസ്‍കുമായി ബന്ധപ്പെട്ട കമ്പനികളുടെ വെബ്‌സൈറ്റുകളിൽ ആക്രമണ പരമ്പര നടത്തുമെന്ന് ഈ ഗ്രൂപ്പ് പ്രഖ്യാപിച്ചതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. ടെസ്‌ല, സ്പേസ് എക്സ്, എക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉടമയാണ് ഇലോണ്‍ മസ്‌ക്.
മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം വഴിയാണ് ഡോൺറോഡ് ടീമിന്‍റെ ഈ പ്രഖ്യാപനം എന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്‌കിന്‍റെ കമ്പനികളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്പ്പിക്കും എന്ന് കഴിഞ്ഞ ദിവസം ഈ ഹാക്കിംഗ് സംഘം ഒരു ടെലിഗ്രാം പോസ്റ്റിൽ പ്രഖ്യാപിച്ചു.
ഈ മാർച്ചിൽ ട്രംപ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റെയും ഇമെയിൽ സെർവറുകളും പ്രവർത്തനരഹിതമാക്കിയതായി ഡോൺറോഡ് ടീം നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ കാരണം ആഗോളതലത്തിൽ താൽക്കാലികമായി ഇവയ്ക്ക് തടസങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റിന്‍റെ (DOGE) തലവനാണ് നിലവിൽ ഇലോൺ മസ്‌ക്. ഈ സ്ഥാനം ഏറ്റെടുത്തിന് പിന്നാലെ മസ്‍കും അദേഹത്തിന്‍റെ കമ്പനിയായ ടെസ്‍ലയും കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. മസ്‍കിന് ഇപ്പോഴും പൊതുജന പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, അദേഹത്തിന്‍റെ റേറ്റിംഗുകൾ ഇടിഞ്ഞു തുടങ്ങിയെന്ന് സമീപകാല വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു. ടെസ്‌ലയെ കൂടാതെ ബഹിരാകാശ വക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് തുടങ്ങിയവ ഉൾപ്പെടെയുള്ള ഇലോൺ മസ്‍കിന്‍റെ മുൻനിര സംരംഭങ്ങൾ വിമർശനത്തിന്‍റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ സൈബർ ഭീഷണിയും. മാർച്ചിൽ, ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് മൂന്ന് പ്രധാന സേവന തടസങ്ങൾ നേരിട്ടിരുന്നു. ഡാർക്ക് സ്റ്റോം ടീം എന്നറിയപ്പെടുന്ന മറ്റൊരു ഹാക്കിംഗ് ഗ്രൂപ്പായിരുന്നു ആ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഫെബ്രുവരിയിൽ നടന്ന മറ്റൊരു സംഭവത്തിൽ യുഎസ് ഗവൺമെന്‍റ് എഫിഷ്യൻസി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹാക്കർമാർ അതിക്രമിച്ചു കയറിയിരുന്നു. തുടർന്ന് മസ്‌കിനെയും സംഘത്തെയും പരിഹസിക്കാൻ അതിന്‍റെ ഹോംപേജ് താൽക്കാലികമായി മാറ്റി. ഇതൊരു സർക്കാർ തമാശയാണ് എന്ന ബോൾഡ് സന്ദേശത്തോടൊപ്പം വകുപ്പ് അതിന്‍റെ ഡാറ്റാബേസ് സംരക്ഷിക്കാതെ വിട്ടിരിക്കുന്നു എന്ന പരിഹാസവും ഹാക്കർമാർ സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം