ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് വിപ്ലവം മുതലാക്കാനൊരുങ്ങുകയാണ് ആഗോള ഭീമന്‍ ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ക്കായി തേസ് എന്ന പേരില്‍ അപ്പ് കമ്പനി വെള്ളിയാഴ്ച പുറത്തിറക്കി. വേഗതയുള്ളത് എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ തേസ് എന്ന പേരാണ് ആപ്പിനായി ഗുഗിള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍റെ യു.പി.ഐ (യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) അടിസ്ഥാനപ്പെടുത്തിയാവും ഈ ആപ്പ് പ്രവര്‍ത്തിക്കുക. ഏത് ബാങ്ക് അക്കൗണ്ടിലുമുള്ള പണവും ആപ്പിലേക്ക് മാറ്റാനും അവിടെ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാനും കഴിയും. നിലവില്‍ പേടിഎം പോലുള്ള വിവിധ ആപ്ലിക്കേഷനുകളും വിവിധ ബാങ്കുകളുടെ ഇ-വാലറ്റുകളും ഈ സേവനം നല്‍കുന്നുണ്ട്.
ഇതിനിടയിലേക്കാണ് ഗുഗിള്‍ തേസ് കടന്നുവരുന്നത്. പേടിഎം, മൊബിക്വിക്ക് തുടങ്ങിയ വാലറ്റുകളുമായി സഹകരിച്ച് ഇവയിലൂടയുള്ള സേവനം കൂടി നല്‍കുന്ന തരത്തിലായിരിക്കും തേസ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. പണം കൈമാറാനും, സ്വീകരിക്കാനും വളരെ എളുപ്പം എന്നാണ് ആപ്പിന് ഗൂഗിള്‍ നല്‍കുന്ന വിശേഷണം.