ന്യൂയോര്‍ക്ക്: ഗൂഗിൾ സേർച്ചിൽ ടൈപ്പ് ചെയ്യുന്നതനുസരിച്ച് തൊട്ടുതാഴെ വിഷയങ്ങൾ തൽസമയം നിർദേശിച്ചിരുന്ന ഇൻസ്റ്റന്റ് സേർച്ച് സംവിധാനം ഗൂഗിൾ നിർത്തലാക്കി. അതേ സമയം, സേർച്ച് പദങ്ങൾ ടൈപ്പ് ചെയ്യുമ്പോഴുള്ള ലളിതമായ സജഷൻസ് തുടരും.
ഓരോ സമയത്തെയും ട്രെൻഡിങ് ആയ സേർച്ചുകളും ഓരോരുത്തരുടെയും സേർച്ച് ഹിസ്റ്ററിയും പ്രാദേശികമായി വിലയിരുത്തി അതിനെ വ്യക്തിഗതമാക്കി ഓരോരുത്തർക്കും വ്യത്യസ്തമായ സേർച്ച് സജഷൻസ് നൽകുന്ന ജോലിയാണ് ഗൂഗിൾ ഇൻസ്റ്റന്‍റ് ചെയ്തിരുന്നത്.
യാഹൂ സിഇഒ ആയിരുന്ന മരിസ മെയർ ഗൂഗിൾ വൈസ് പ്രസിഡന്റായിരിക്കെ 2010ലാണ് ഇൻസ്റ്റന്റ് സേർച്ച് സംവിധാനം അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും മെച്ചപ്പെട്ട സജഷനുകൾ നൽകുന്നതിനുമാണ് ഇൻസ്റ്റന്‍റ് അവതരിപ്പിച്ചതെങ്കിലും കൂടുതൽ ഉപയോക്താക്കളും മൊബൈലിൽ നിന്നായതോടെ ഇത് ഫലപ്രദമായില്ല.
മൊബൈൽ ഫോണിന്‍റെ ചെറിയ സ്ക്രീനിൽ തിങ്ങി നിറയുന്ന സജഷനുകൾ ഒരു പരിധിവരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.