'ചോദിച്ച് ചോദിച്ച് പോകാം'; ഇനി ജെമിനിയും പറയും മലയാളം ഉൾപ്പെടെയുള്ള ഇന്ത്യന്‍ ഭാഷകൾ

By Web TeamFirst Published Oct 4, 2024, 10:01 AM IST
Highlights

ജെമിനി എഐയുമായി ഇനി മലയാളത്തില്‍ സംസാരിക്കാം, മലയാളത്തില്‍ തന്നെ എഐ തിരിച്ചും സംസാരിക്കും

ഗൂഗിളിന്‍റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന 'കോൺവർസേഷണൽ എഐ ഫീച്ചർ' ആണ് പുതിയ അപ്ഡേറ്റായ ജെമിനി ലൈവ്. വ്യാഴാഴ്ച നടന്ന 'ഗൂഗിൾ ഫോർ ഇന്ത്യ 2024' എന്ന പരിപാടിയിൽ വെച്ചാണ് പുതിയ ഇന്ത്യൻ ഭാഷകളിലുള്ള സേവനം കമ്പനി പ്രഖ്യാപിച്ചത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യൻ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയിൽ തന്നെ മറുപടി നല്‍കാനുമാകും. ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനി ലൈവ് ഫീച്ചർ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആൻഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് 10 വ്യത്യസ്ത ഭാഷകളിലായി ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ്  ഒമ്പത് ഇന്ത്യൻ ഭാഷകൾ കൂടി ലഭിക്കുക.

Latest Videos

പുതിയ ഫീച്ചറെത്തുന്നതോടെ തന്‍റെ മാതൃഭാഷയിൽ തന്നെ തടസമില്ലാതെ എഐയുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയതായി ഉൾപ്പെടുത്തിയ ഇന്ത്യൻ ഭാഷകൾ ജെമിനി ലൈവിൽ ഉടനെത്തില്ല. ഇതിനായി ചിലപ്പോൾ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കും. സമാനമായി ഗൂഗിൾ സെർച്ചിലെ എഐ ഓവർവ്യൂ ഫീച്ചറിലും ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് ഉൾപ്പടെയുള്ള ഭാഷകൾ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവഴി സെർച്ചിൽ തിരയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പെട്ടെന്നറിയാൻ ഉപഭോക്താവിനാകും. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിലും ഇതിന് സമാനമായ വോയ്‌സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകളൊന്നും ഇതിൽ ലഭ്യമല്ല.

അധ്യാപകർ, സംരംഭകർ, കലാകാരന്മാർ ഉൾപ്പടെയുള്ള എല്ലാവർക്കും പുതിയ ഫീച്ചർ ഉപകാരപ്രദമാവുമെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തൽ. ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 40 ശതമാനം ജെമിനി ഉപഭോക്താക്കളും വോയ്‌സ് ഫീച്ചർ ഉപയോഗിക്കുന്നവരാണെന്നാണ് ഗൂഗിൾ സെർച്ച് പ്രൊഡക്ട് ലീഡായ ഹേമ ബുധരാജു പറയുന്നത്.

Read more: നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!