സന്‍ഫ്രാന്‍സിസ്കോ: കമ്പനിയുടെ നയങ്ങൾക്കെതിരെ ഇൻ്റേണൽ മെമ്മോ എഴുതിയ ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടു. ജെയിംസ് ഡാമറോൺ എന്ന ഗൂഗിൾ എൻജിനീയറാണ് ഗൂഗിളിന്‍റെ നടപടിക്ക് വിധേയനായത്. ലിംഗവിവേചനവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പാണ് എൻജിനീയർക്കെതിരെ നടപടിയിലേക്ക് നയിച്ചത്. ലിംഗ വിവേചനവുമായി ബന്ധപ്പെട്ട ‘ടെക്ക്’ ലോകത്ത് നടപടിക്ക് വിധേയമാകുന്ന കണ്ണികളിൽ പുതിയ ആളാണ് ജെയിംസ് ഡാമറോൺ.
കഴിഞ്ഞ ജൂണിൽ യൂബർ ടെക്നോളജീസിലെ ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ട്രാവിസ് കലനിക്കിനും ജോലി നഷ്ടപ്പെട്ടിരുന്നു. 2015ൽ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് എലൻ പാവോയുടെ കേസാണ് ടെക്ക് മേഖലയിലെ ഇത്തരം സംഭവങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ കാരണമായത്.
പുരുഷാധിപത്യമുള്ള ഇൗ വ്യവസായ മേഖലയിൽ നേരിടുന്ന അവഗണനയും പാർശ്വവത്കരണവും സംബന്ധിച്ച് കൂടുതൽ സ്ത്രീകൾ തുറന്നുപറയാൻ രംഗത്തുവരുന്നുണ്ട്. പലരും സോഷ്യൽ മീഡിയയിലൂടെ അവരവരുടെ നയം വ്യക്തമാക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിലേക്ക് വഴിമാറിയതോടെയാണ് ഗൂഗിളിന്‍റെ നടപടി.