ദില്ലി: സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങളും മാനഭംഗ വീഡിയോകളും പ്രചരിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി. ഫേസ്ബുക്ക്, ഗൂഗ്ള്‍, വാട്‌സ്ആപ്, മൈക്രോസോഫ്ട്, യാഹൂ എന്നീ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ക്കും പ്രമുഖ വെബ്‌സൈറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ് തിങ്കളാഴ്ച കോടതി നോട്ടീസ് അയച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നെറ്റ്‌വര്‍ക്കിലൂടെ പ്രചരിച്ച അധിക്ഷേപകരമായ ഉള്ളടക്കത്തെ കുറിച്ച് ലഭിച്ച പരാതികളുടെ പട്ടികയും ഇവയില്‍ സ്വീകരിച്ച നടപടിയും വിശദീകരിക്കമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജസ്റ്റീസുമാരായ മദന്‍ ബി ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുട്ടികളുടെതായി പ്രചരിക്കുന്ന നഗ്ന വീഡിയോകളില്‍ പേക്‌സോ നിയമപ്രകാരം എടുത്ത കേസുകളുടെ വിവരങ്ങള്‍ പത്തു ദിവസത്തിനകം നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.
വാട്‌സ്ആപ് വഴി മാനഭംഗ വീഡിയോ പ്രചരിക്കുന്നത് വ്യാപകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ആസ്ഥാനമായ പ്രജുല എന്ന എന്‍ജിഒ ചീഫ് ജസ്റ്റീസിന് അയച്ച കത്ത് പരിഗണിച്ച് കോടതി സ്വമേധയാ ആണ് കേസെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിക്കുന്ന മാനഭംഗ വീഡിയോകള്‍ പരിശോധിച്ച് കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സി.ബി.ഐയ്ക്കും കോടതി നിര്‍ദേശം നല്‍കി.
അശ്ലീല വീഡിയോകള്‍ നെറ്റ്‌വര്‍ക്കുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് തടയാന്‍ മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരും നെറ്റ്‌വര്‍ക്ക് കമ്പനികളും നേരത്തെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് 15 ദിവസത്തിനകം ഇന്ത്യയിലെത്തി പരിഹാരം നിര്‍ദേശം മൈക്രോസോഫ്ട്, യാഹൂ, ഫേസ്ബുക്ക് എന്നീ കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.