മോസ്‌കോ: മരണക്കളിയുടെ കൈകള്‍ അവസാനിക്കുന്നില്ല. 50 ടാസ്‌കുകള്‍ ചെറുപ്പക്കാരുടെ ജീവന് ഭീഷണിയായ ബ്ലൂവെയില്‍ ഗെയിമിന്‍റെ അഡ്മിന്‍ പാനലില്‍ 17 കാരിയും. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് കൗമാരക്കാരിയെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒരു പെണ്‍കുട്ടിയെ പിടികൂടുന്നത്.
കിഴക്കന്‍ റഷ്യയിലുള്ള ഹബാറോസ്‌കി ക്രയ്യില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇങ്ങനെ ഒരു കളിയില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും ഉയര്‍ന്ന് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കൊടുവിലാണ് തെളിവായി അഡ്മിന്‍ പനലിലുള്ള പെണ്‍കുട്ടിയെ പിടികൂടിയത്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കി ഒടുവിലായി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതാണ് ഈ കളി. ഇനി ചതി മനസ്സിലാക്കി നേരത്തെ പിന്‍മാറിയാല്‍ ഉറ്റവരെ കൊല്ലുമെന്നുമാണ് പെണ്‍കുട്ടി ഭീഷണി ഉയര്‍ത്തിയിരുന്നത്. ഇവര്‍ക്ക് ഒരു ഡസണിലേറെ പേര്‍ക്ക് വധഭീഷണി അയച്ചുവെന്ന് പരാതിയും ഇവര്‍ക്കെതിരെയുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചു.
നേരത്തെ ഈ ഗെയിം കളിച്ചിരുന്ന ആളായിരുന്നു പെണ്‍കുട്ടിയെന്നും പോലീസ് പറയുന്നു. എന്നാല്‍ എങ്ങിനെയാണ് അഡ്മിന്‍ സ്ഥാനത്തേക്ക് എത്തിയതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.