ദാവോസ്: ഫേസ്ബുക്കും ഗൂഗിളും പോലെയുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ്. സ്വറ്റ്‌സര്‍ലാന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖനന, എണ്ണ കമ്പനികള്‍ ഭൗതിക പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണെന്നും എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹ്യ പരിസ്ഥിതിയെയാണ് ചൂഷണം ചെയ്യുന്നതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ആളുകളുടെ ശ്രദ്ധയെ അവിഹിതമായി സ്വാധീനിക്കുകയും തങ്ങളുടെ വാണിജ്യ താല്‍പര്യങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്തുകൊണ്ട് ഉപയോക്താക്കളെ വഞ്ചിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങള്‍ പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ അടിമകളാക്കി യുവജനതയെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് വലിയ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുമെന്നും കൗമാരക്കാരെ വഴി തെറ്റിക്കുമെന്നും സോറോസ് അഭിപ്രായപ്പെട്ടു.
കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് മുമ്പ് തന്നെ ആളുകളുടെ ചിന്താശേഷിയെ സ്വാധീനിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടുതല്‍ ഗുരുതരമാണെന്ന് സോറോസ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്‍റെ പ്രവര്‍ത്തനം, പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകളുടെ സത്യസന്ധത നിലനിറുത്തുന്നതില്‍ ഇത് ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചുരുക്കം ചില കമ്പനികള്‍ ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായം രൂപീകരിക്കാനുള്ള അധികാരം തട്ടിയെടുക്കുകയാണ്. മനസിന്‍റെ സ്വാതന്ത്ര്യം എന്ന നിയോ ക്ലാസിക്കല്‍ സാമ്പത്തികകാരന്‍ ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്‍റെ സങ്കല്‍പം ഉറപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും വലിയ ശ്രമങ്ങള്‍ വേണ്ടിവരുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും സോറോസ് പറഞ്ഞു. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ ഈ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ ഡിജിറ്റല്‍ യുഗത്തില്‍ വളരുന്ന തലമുറയ്ക്ക് അസാധ്യമാകുമെന്നും അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും സോറോസ് അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം വിവരങ്ങളുടെ ഖനികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്കും ഗൂഗിളും പോലെയുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രിത നിരീക്ഷണങ്ങളോട് സ്വന്തം നിരീക്ഷണ സംവിധാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. ഏകാധിപത്യപരമായ നിയന്ത്രണങ്ങളിലേക്കാണ് ഇത് ലോകത്തെ നയിക്കുകയെന്നും സോറോസ് മുന്നറിയിപ്പ് നല്‍കി. മതിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തിടത്തോളം കാലം ഏറ്റവും ശക്തരായ ഇത്തരം കുത്തകകമ്പനികള്‍ തങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അവയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഉത്തരകൊറിയയുമായി ആണവ യുദ്ധത്തിനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും സോറോസ് വിമര്‍ശിച്ചു. ഇന്‍റര്‍നെറ്റിനെ കുറിച്ച് സംസാരിക്കാന്‍ ദാവോസിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യാപരികളില്‍ ഒരാളാണ് സോറോസ്. ഫേസ്ബുക്ക് ആസക്തി സൃഷ്ടിക്കുന്നതരത്തില്‍ ഹാനികരമായതിനാല്‍ ഒരു സിഗററ്റ് കമ്പനിയെ നിയന്ത്രിക്കുന്നത് പോലെ സാമൂഹ്യ മാധ്യമത്തെയും നിയന്ത്രിക്കണമെന്ന് സെയില്‍സ്‌ഫോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ബെനിയോഫ് ഈ ആഴ്ച ആദ്യം ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്കും ഗൂഗിളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കഴിഞ്ഞ നവംബറില്‍ ഫേസ്ബുക്കില്‍ നേരത്തെ നിക്ഷേപങ്ങള്‍ നടത്തിയിരുന്ന റോജര്‍ മക്‌നാമി അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളുടെ തലച്ചോറില്‍ എന്തൊക്കെ ഹാനിയാണ് ഫേസ്ബുക്ക് സൃഷ്ടിക്കുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ എന്നാണ് ഫേസ്ബുക്കിന്റെ സ്ഥാപക അദ്ധ്യക്ഷന്‍ സീന്‍ പാര്‍ക്കര്‍ പറഞ്ഞത്.