ഐഎസ്ആര്‍ഒയില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക റോളിലുണ്ടായ യുവാവാണ് അതുകഴിഞ്ഞ് കാര്‍ സര്‍വീസ് തുടങ്ങിയത്
കന്യാകുമാരി: ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതികരംഗത്തെ തലപ്പൊക്കമുള്ള ഐഎസ്ആര്‍ഒയില്‍ ഏഴ് വര്‍ഷം ശാസ്ത്രജ്ഞനായി ജോലി, ഇപ്പോള്‍ കാര്‍ ക്യാബ് സര്‍വീസ് ഓപ്പറേറ്റര്‍! കേള്‍ക്കുമ്പോള്‍ തന്നെ തലയില്‍കൈവെച്ച് പോകുന്ന ജോലിക്കഥയുള്ള ഒരാളുണ്ട് കേരളത്തിന് തൊട്ടടുത്ത തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍റെ ജോലിക്ക് ശേഷം രണ്ട് കോടി രൂപ ആസ്തിയുള്ള ക്യാബ് ബിസിനസ് വിജയിപ്പിച്ച ഉദയ കുമാറിന്‍റെ കഥ ലിങ്ക്ഡ്‌ഇന്നിലാണ് പ്രത്യക്ഷപ്പെട്ടത്.
ഒരു കാര്‍ ഡ്രൈവറുടെ വേഷത്തില്‍ പ്രത്യേക്ഷപ്പെടുന്ന യുവാവിന്‍റെ പേര് ഉദയ കുമാര്‍. സ്വദേശം കന്യാകുമാരി. ഏഴ് വര്‍ഷക്കാലം ഐഎസ്ആര്‍ഒയില്‍ ഒരു ശാസ്ത്രജ്ഞന്‍റെ മനോഹര ജോലിയുണ്ടായിരുന്ന മനുഷ്യന്‍. എന്നാല്‍ ഇന്ന് ഒരു ക്യാബ് ഓപ്പറേറ്ററുടെ റോളിലാണ് ഉദയ കുമാറിനെ കാണാനാവുക. പലരും മണ്ടന്‍ തീരുമാനമെന്ന് തറപ്പിച്ച് പറഞ്ഞ നിശ്ചയദാര്‍ഢ്യം ഉദയകുമാറിനെ ഇന്ന് സ്വന്തമായി 37 കാറും രണ്ട് കോടി രൂപ വാര്‍ഷിക വരുമാനവുമുള്ള ക്യാബ് ബിനസുകാരനാക്കിയിരിക്കുകയാണ് എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
കന്യാകുമാരി സ്വദേശിയായ ഉദയ കുമാര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഫിലും പിഎച്ച്‌ഡിയും നേടിയ ശേഷമാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ നിര്‍ണായക ചുമതലക്കാരനായിരുന്നു. ഐഎസ്ആര്‍ഒയില്‍ ഏഴ് വര്‍ഷം ശാസ്ത്രജ്ഞനായി ജോലി ചെയ്‌ത ശേഷം അവിടം വിട്ട് ഒരു കോളേജില്‍ അധ്യാപകനായി. എന്നാല്‍ ആ ജോലിയും രാജിവെച്ച് കാറുകളുടെ ക്യാബ് സര്‍വീസ് ആരംഭിക്കാനായിരുന്നു ഉദയ കുമാറിന്‍റെ തീരുമാനം. സുഹൃത്തുക്കളുമായി ചേര്‍ന്ന് 2017ല്‍ ഉദയ കുമാര്‍ ക്യാബ് എസ്‌ടി ക്യാബ്സ് എന്ന പേരില്‍ ക്യാബ് സര്‍വീസ് ആരംഭിച്ചു. ഇപ്പോള്‍ 37 കാറുകളും 2 കോടി രൂപയുടെ വാര്‍ഷിക വരുമാനവും ഈ കമ്പനിക്കുണ്ട്.
മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കാറുകളുടെ ഇഎംഐ അവസാനിക്കും. കമ്പനിയിലെ ഡ്രൈവര്‍മാരെ പാര്‍ട്‌ണര്‍മാരാക്കുന്ന രീതിയിലാണ് ഉദയയുടെ ബിസിനസ് മോഡല്‍. ഉദയ കുമാറിന്‍റെ ഈ ജീവിത കഥയ്ക്ക് വലിയ സ്വീകര്യതയാണ് ലിങ്ക്‌ഡ്ഇന്നില്‍ ലഭിച്ചത്. ഉദയയെ പ്രശംസിച്ച് നിരവധിയാളുകള്‍ കമന്‍റുകള്‍ രേഖപ്പെടുത്തി.
Read more: ആകെ 5 ഭാഗം, ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍ 2035ല്‍ പൂര്‍ണസജ്ജം; ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം