തന്‍റെ ഗാരേജ് മാസ വാടകയ്‌ക്ക് നല്‍കി ഗൂഗിളുമായി ആരംഭിച്ച പൊക്കിള്‍ക്കൊടി ബന്ധമാണ് സൂസന്‍ വിജിഡ്‌സ്‌കിയെ ലോകത്തെ ഏറ്റവും വലിയ ടെക് വനിത എന്ന ആര്‍ജവത്തിലേക്ക് വളര്‍ത്തിയെടുത്തത്
കാലിഫോര്‍ണിയ: വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ നാം ഇന്ന് കാണുന്ന രൂപത്തിലാക്കിയതിന് ഒരേയൊരാളോടാണ് ലോകം കടപ്പെട്ടിരിക്കുന്നത്. ലോകത്തെ ഉരുക്കുവനിതകളുടെ ഗണത്തില്‍പ്പെടുത്താവുന്ന സൂസന്‍ വിജിഡ്‌സ്‌കിയാണത്. തന്‍റെ ഗാരേജ് ഒരു കുഞ്ഞ് ഓഫീസ് തുടങ്ങാനായി ഗൂഗിള്‍ സ്ഥാപകര്‍ക്ക് മാസ വാടകയ്‌ക്ക് നല്‍കി കമ്പനിയുമായി ആരംഭിച്ച പൊക്കിള്‍ക്കൊടി ബന്ധമാണ് സൂസന്‍ വിജിഡ്‌സ്‌കിയെ ലോകത്തെ ഏറ്റവും വലിയ ടെക് വനിത എന്ന ആര്‍ജവത്തിലേക്ക് വളര്‍ത്തിയെടുത്തത്.
സൂസന്‍റെ ഗാരേജ്, ഗൂഗിളിന്‍റെയും
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്ത്ര അധ്യാപകന്‍ സൂസന്‍ വിജിഡ്‌സ്‌കിയുടെയും മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായ എസ്‌തര്‍ സൂസന്‍ വിജിഡ്‌സ്‌കിയുടെയും മകളായി 1968 ജൂലൈ 5നായിരുന്നു സൂസന്‍ വിജിഡ്‌സ്‌കിയുടെ ജനനം. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലുമായി ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇന്‍റല്‍ കോര്‍പ്പറേഷനില്‍ മാര്‍ക്കറ്റിംഗ് ജോലിയിലാണ് സൂസന്‍ വിജിഡ്‌സ്‌കി ആദ്യം പ്രവേശിച്ചത്. ഇങ്ങനെയിരിക്കേയാണ് ഗൂഗിള്‍ എന്ന അന്ന് സ്റ്റാര്‍ട്ട്ആപ്പ് മാത്രമായിരുന്ന കമ്പനിയുടെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ഒരു സുഹൃത്ത് വഴി 1998ല്‍ സൂസനിലേക്ക് എത്തുന്നത്. അവിടെയാണ് സൂസന്‍ വിജിഡ്‌സ്‌കി എന്ന ടെക് ജീനിയസിന്‍റെ പിറവി എന്ന് പറയാം. വീടിന്‍റെ ലോണ്‍ അടയ്ക്കാനുള്ള തുക കണ്ടെത്താനായി മെൻലോ പാർക്കിലെ തന്‍റെ ഗാരേജ് സൂസന്‍, ലാറിക്കും സെര്‍ജിക്കും വാടകയ്ക്ക് നല്‍കി. മാസം 1,700 ഡോളറായിരുന്നു വാടക.
ഗൂഗിളിലെ 16-ാം സ്റ്റാഫ്
പതിയെ ഗൂഗിള്‍ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ഓഫീസിലേക്ക് മാറി. ഇന്‍റല്‍ വിട്ട് സൂസന്‍ വിജിഡ്‌സ്‌കിയാവട്ടെ തനിക്ക് കൂടി ജന്‍മാവകാശം പറയാവുന്ന ഗൂഗിളിന്‍റെ ഭാഗമായി. 1999ല്‍ ഗൂഗിളിന്‍റെ ചരിത്രത്തിലെ പതിനാറാമത്തെ മാത്രം തൊഴിലാളിയായാണ് സൂസന്‍ വിജിഡ്‌സ്‌കി കമ്പനിയില്‍ ചേര്‍ന്നത്. ഇത് ടെക് ലോകത്തെ മാറ്റിമറിക്കുന്ന തീരുമാനായി മാറുന്നത് പിന്‍കാലത്ത് ലോകം കണ്ടു. ഇന്‍റലിലെ പോലെ മാര്‍ക്കറ്റിംഗായിരുന്നു തുടക്കകാലത്ത് സൂസന് ഗൂഗിളിലും ജോലി. അങ്ങനെ ഗൂഗിളിന്‍റെ ആദ്യ മാര്‍ക്കറ്റിംഗ് മാനേജരായി സൂസന്‍ മാറി. ഗൂഗിള്‍ ആഡ്സെൻസിന്‍റെ പ്രൊഡക്റ്റ് മാനേജരായി പ്രവര്‍ത്തിച്ചു. ആഡ്‌വേഡ്‌സ്, ഡബിൾക്ലിക്ക്, ഗൂഗിൾ അനലിക്സ് തുടങ്ങിയ ഗൂഗിളിന്‍റെ പരസ്യ, വിശകലന ഉൽപന്നങ്ങളുടെ മേൽനോട്ടം വഹിച്ചു. ഗൂഗിളിന്‍റെ അഡ്വടൈസിംഗ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായി സൂസന്‍ വളര്‍ന്നു.
യൂട്യൂബര്‍മാരുടെ അന്നദാതാവ്
ഏറെക്കാലം ഗൂഗിളിന്‍റെ ഓൺലൈൻ പരസ്യ ബിസിനസ് നയിച്ച സൂസന്‍ വിജിഡ്‌സ്‌കി ഗൂഗിളിന്‍റെ വീഡിയോ സേവനത്തിന്‍റെ ചുമതലയും വഹിച്ചിരുന്നു. അന്ന് യൂട്യൂബ് എന്നൊരു മറ്റൊരു സ്റ്റാര്‍ട്ട്അപ്പ് പച്ചപിടിച്ച് വരുന്ന കാലമായിരുന്നു. ഇതോടെ സൂസന്‍ ഗൂഗിള്‍ മേധാവികളോട് ഒരു കാര്യം നിര്‍ബന്ധിച്ചു. 'നമുക്ക് എന്ത് വിലകൊടുത്തും യൂട്യൂബിനെ ഏറ്റെടുക്കണം'. അങ്ങനെയാണ് 2006ല്‍ 1.65 ബില്യണ്‍ ഡോളറിന്‍റെ കരാറില്‍ യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നത്.
അവിടുന്നങ്ങോട്ടാണ് യൂട്യൂബിന്‍റെ അടുത്ത അധ്യായം തുടങ്ങുന്നത്. 2014ല്‍ യൂട്യൂബിന്‍റെ സിഇഒയായി സൂസന്‍ വിജിഡ്‌സ്‌കി ചുമതലയേറ്റത് ടെക് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. സിഇഒ എന്ന നിലയില്‍ യൂട്യൂബിന്‍റെ പ്രതിമാസ യൂസര്‍മാരുടെ എണ്ണം 2.5 ബില്യണായി സൂസന്‍ ഉയര്‍ത്തി. ഇന്ന് നാം കാണുന്ന യൂട്യൂബിന്‍റെ എല്ലാ സ്വഭാവ സവിശേതകള്‍ക്കും രൂപം കൊടുത്തത് സൂസന്‍ വിജിഡ്‌സ്‌കി എന്ന കരുത്തയും ക്രിയാത്മകതയുമുള്ള സിഇഒയാണ്. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോര്‍ട്‌സ് തുടങ്ങിയവ ആരംഭിച്ചത് സൂസന്‍റെ കാലത്താണ്. മോണിറ്റൈസേഷന്‍ അഥവാ യൂട്യൂബ് ചാനലുടമകള്‍ക്ക് വരുമാനം വീതിച്ചുനല്‍കാനുള്ള തീരുമാനവും സൂസന്‍റെതായിരുന്നു. അതായത് ഇന്ന് കാണുന്ന യൂട്യൂബര്‍മാരുടെയെല്ലാം അന്നദാതാവ് കൂടിയാണ് സൂസന്‍ വിജിഡ്‌സ്‌കി. യൂട്യൂബിന്‍റെ നിയമങ്ങള്‍ കടുപ്പിച്ചും സൂസന്‍ പവര്‍ അറിയിച്ചു.
2023ല്‍ രാജി, വലച്ച രോഗാവസ്ഥ
ഗൂഗിളിലും പിന്‍കാലത്ത് അതിന്‍റെ ഉപകമ്പനിയായി മാറിയ യൂട്യൂബിലുമായി രണ്ടര പതിറ്റാണ്ട് നേതൃനിരയില്‍ തിളങ്ങിയെങ്കിലും 2023ല്‍ അപ്രതീക്ഷിതമായി സൂസന്‍ വിജിഡ്‌സ്‌കി യൂട്യൂബ് സിഇഒ സ്ഥാനം രാജിവെച്ചു. ആരോഗ്യകരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു രാജി. പിന്നീട് സാന്താ ക്ലാരയിലെ വീട്ടില്‍ അര്‍ബുദത്തോട് പടവെട്ടി 56-ാം വയസില്‍ മരണമടഞ്ഞ സൂസന്‍ വിജിഡ്‌സ്‌കി ടെക് ചരിത്രത്തിലെ പതാകവാഹകരില്‍ ഒരാളായി എന്നെന്നും ഓര്‍മ്മിക്കപ്പെടും.
Read more: യൂട്യൂബ് മുന്‍ സിഇഒ സൂസന്‍ വിജിഡ്‌സ്‌കി അന്തരിച്ചു; വിടപറഞ്ഞത് ഗൂഗിളിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം