ഇനി സോളാര്‍ റോഡുകളുടെ കാലം; ലോകത്തിലെ ആദ്യ സോളാര്‍ ഹൈവേ തുറന്നു

By Web Desk  |  First Published Dec 23, 2016, 12:01 PM IST

ലോകത്തിലെ ആദ്യ സോളാര്‍ ഹൈവേ ഇന്നാണ് ഫ്രാന്‍സിലെ ട്യുറോവറില്‍  യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ഒരു കിലോമീറ്ററോളം വരുന്ന ഹൈവേയില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു പട്ടണത്തിലെ തെരുവ് വിളക്കുകള്‍ മുഴുവന്‍ കത്തിക്കാനായി ഈ റോഡില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. വലിയ വൈദ്യുത നിര്‍മ്മാണ പ്രൊജക്ടുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ സാധ്യതകളെക്കുറിച്ച് ആലോചിച്ചതെന്ന് ഫ്രഞ്ച് പരിസ്ഥിതി മന്ത്രി പറഞ്ഞു.  സാധ്യമാകുന്ന പ്രദേശങ്ങളിലെല്ലാം സോളാര്‍ ഹൈവേകള്‍ സ്ഥാപിക്കാന്‍ നാലു വര്‍ഷത്തെ പദ്ധതിക്കും ഫ്രാന്‍സ് രൂപം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിന് പുറമേ ജര്‍മ്മനി, നെതര്‍ലാന്റ്സ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളും സോളാര്‍ ഹൈവേ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പ് ഏറെ നാളായി നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ റോഡുകളുടെ നാലിലൊന്ന് സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഔര്‍ജ്ജ രംഗത്ത് സ്വാശ്രയത്വം കൈവരിക്കാന്‍ ഫ്രാന്‍സിന് കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

വിവിധ കാലാവസ്ഥകള്‍ തരണം ചെയ്ത് എത്രകാലം സോളാര്‍ റോഡുകള്‍ക്ക് നിലനില്‍ക്കാനാവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വലിയ ട്രക്കുകള്‍ പോലുള്ളവ സ്ഥിരമായി ഓടുമ്പോള്‍ ഇതിന്റെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. നേരത്തെ ആംസ്റ്റര്‍ഡാമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച 70 മീറ്റര്‍ സോളാര്‍ സൈക്ലിങ് ട്രാക്കിന് അധികകാലം കഴിയും മുമ്പ് തകരാറുകള്‍ പറ്റിയിരുന്നു. സോളാര്‍ പാനലുകളില്‍ നിന്ന് പരമാവധി ഔര്‍ജ്ജം ഉദ്പാദിപ്പിക്കാന്‍ സൂര്യന് അഭിമുഖമായി ചരിച്ചാണ് പാനലുകള്‍ സ്ഥാപിക്കേണ്ടത്. ഇതിന് പകരം ഇവ റോഡുകളില്‍ നിരത്തിവെയ്ക്കുന്നത്കൊണ്ടുള്ള ഔര്‍ജ്ജ നഷ്ടമാണ് ഈ പുതിയ പരീക്ഷണം നേരിടുന്ന മറ്റൊരു വെല്ലുവിളി

Latest Videos

click me!