വാട്ട്സ്ആപ്പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഫേസ്ബുക്കിന് 800 കോടി രൂപ പിഴ. യൂറോപ്യന്‍ യൂണിയനാണ് ഫെയ്‌സ്ബുക്കിന് പിഴ ചുമത്തിയത്. 2010ലാണ് വാട്സ്ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 2014 ലാണ് 1930 കോടി യുഎസ് ഡോളര്‍ മുടക്കി ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. സോഷ്യല്‍മീഡിയ രംഗത്തെ മത്സരത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കണ്ടായിരുന്നു ഏറ്റെടുക്കല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നത്.
ഏറ്റെടുക്കുന്ന സമയത്ത് ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളും വാട്ട്സ്ആപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ലെന്നാണ് ഫെയ്സ്ബുക്ക് ഉറപ്പുനല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യനയത്തില്‍ വാട്ട്സ്ആപ്പ് കൊണ്ടുവന്ന മാറ്റം ഇതിനെതിരാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിട്ടുള്ളത്.
2016ല്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നിയമനടപടി സ്വീകരിച്ചത്.
ഇത് ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നതാണ്. അതേസമയം, അന്വേഷണത്തില്‍ സഹകരിച്ചതായും തെറ്റായവിവരങ്ങള്‍ നല്‍കിയത് മനഃപൂര്‍വമല്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ എല്ലാ നിയമങ്ങളും കമ്പനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മിഷണര്‍ പറഞ്ഞു.
പിഴയോടുകൂടി നടപടികള്‍ അവസാനിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും ഫെയ്‌സ്ബുക്ക് അറിയിച്ചു. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്ട്സ്ആപ്പ്. 2016 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്തെ 100 കോടിയിലധികം വരും വാട്‌സ്ആപ്പ് യൂസര്‍മാരുടെ എണ്ണം.