മുംബൈ : മുംബൈ സ്വദേശിയായ മുഹമ്മദ് സര്‍വാര്‍ ഓണ്‍ ലൈനായി 50 ഇഞ്ചിന്‍റെ ടിവിക്ക് ഓഡര്‍ നല്‍കി. എന്നാല്‍ എത്തിയത് 13 ഇഞ്ചിന്‍റെ മോണിറ്റര്‍ മാത്രമാണ്. കഴിഞ്ഞ രണ്ട് മാസമായി ഈ സംഭവത്തില്‍ നിയമ പോരാട്ടത്തിലാണ് മുഹമ്മദ്. ടിവിയുടെ പാക്കിംഗില്‍ തന്നെയാണ് മോണിറ്റര്‍ മുഹമ്മദിന് എത്തിയത്.
ഐടി കമ്പനിയില്‍ ജോലി നോക്കുകയാണ് 33 കാരനായ മുഹമ്മദ്. മേയില്‍ ആമസോണിലെ ഡിസ്‌കൗണ്ട് പരസ്യം കണ്ടാണ് മുഹമ്മദ് 50 ഇഞ്ചിന്‍റെ മിതാഷി എല്‍ഇഡി ടിവി ഓര്‍ഡര്‍ ചെയ്യുന്നത്. കുടുംബത്തിന് റംസാന്‍ സമ്മാനമായാണ് മുഹമ്മദ് ടിവി വാങ്ങിയത്. ക്രെഡിറ്റ് കാര്‍ഡിലൂടെ ടിവിയുടെ തുകയായ 33,000 രൂപയും മുഹമ്മദ് നല്‍കി. തുടര്‍ന്ന് മെയ് 19 ന് മുഹമ്മദിന് ടിവി ഡെലിവറി ചെയ്യാന്‍ ആള്‍ എത്തി.
undefined
ടിവി നല്‍കിയപ്പോള്‍ ഇപ്പോള്‍ ഇത് തുറക്കരുതെന്നും ഇന്‍സ്റ്റലേഷന്‍ നടക്കുകയാണെന്നും ഡെലിവറി ചെയ്ത ആള്‍ പറഞ്ഞു. പാക്കറ്റ് ഇപ്പോള്‍ തുറന്നാല്‍ ടിവിക്ക് കേടുപാടുകള്‍ ഉണ്ടാകുമെന്നും അയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഡെലിവറി ചെയ്ത ആള്‍ പോയി കുറേ സമയത്തിന് ശേഷം പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 13 ഇഞ്ചിന്റെ ആസെറിന്റെ മോണിറ്റര്‍ മാത്രമാണ്. അതുമല്ല ഈ മോണിറ്റര്‍ മുന്‍പ് ഉപയോഗിച്ചതുമായിരുന്നു. അത് വര്‍ക്ക് ചെയ്യുന്നതുമല്ലായിരുന്നു.
തുടര്‍ന്ന് ആമസോണിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംഭവം പറഞ്ഞെങ്കിലും അവര്‍ യാതൊരു നടപടിയും എടുത്തില്ല. റീഫണ്ട് ചെയ്യണമെന്ന് ആരാഞ്ഞപ്പോഴും വന്ന പാക്കറ്റ് തിരികെ അയക്കാനായിരുന്നു ആമസോണിലെ കസ്റ്റമര്‍കെയറില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് തിരികെ അയച്ചതിന് 3000 രൂപ കൊറിയര്‍ സര്‍വ്വീസിനായി അടച്ചു.
തുടര്‍ന്ന് ആമസോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായി മറുപടി നല്‍കാന്‍ ആരും തയ്യാറായില്ല. ഫോണ്‍ വിളിക്കുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഫോണ്‍ കണക്ട് ചെയ്യുന്നതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മെയില്‍ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും മുഹമ്മദ് പറയുന്നു.