ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

By Web Desk  |  First Published Nov 26, 2017, 1:42 PM IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റായ  ബ്ലാക് ഫ്രൈഡേയുടെ വേളയില്‍ ഗൂഗിള്‍ പരസ്യത്തിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പരസ്യങ്ങളില്‍ ആമസോണിന്‍റെ ഓഫറുകള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത പലരും വിവിധ സ്കാം സൈറ്റുകളിലേക്ക് എത്തിയെന്നാണ് പറയുന്നത്.

ഇത് സംബന്ധിച്ച് അമേരിക്കന്‍ ചാനല്‍ സിബിഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.  ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടിലാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വന്നത് എന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. 

Latest Videos

എന്നാല്‍ ഗൂഗിളില്‍ പരസ്യം ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നതിനാല്‍ ഉടന്‍ തന്നെ പരസ്യങ്ങള്‍ നീക്കം ചെയ്തു എന്നാണ് ഗൂഗിള്‍ പറയുന്നത്. പക്ഷെ എങ്ങനെ ഇത്തരം പരസ്യം സെര്‍ച്ചിന്‍റെ ആദ്യഫലത്തില്‍ എത്തിയെന്നതിന് ഗൂഗിള്‍ മറുപടി നല്‍കുന്നില്ല.

അടുത്തിടെ മൈക്രോസോഫ്റ്റിന്‍റെ പേരില്‍ സ്കാം സൈറ്റുകളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന സന്ദേശങ്ങള്‍ പരക്കുന്നതായി സിനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ മറ്റൊരു മോഡല്‍ ആണ് ബ്ലാക്ക് ഫ്രൈഡേയില്‍ ഗൂഗിള്‍ പരസ്യതട്ടിപ്പ് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

അടുത്തിടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വഴി ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ലോക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്‍റെ പേരിലുള്ള വിമര്‍ശനം ഗൂഗിളിന് എതിരെ ഉയരുന്ന സമയത്താണ് പുതിയ പരസ്യ വിവാദം.

click me!