ഫെയ്സ്ബുക്ക് ആൻഡ്രോയിഡ് ആപ്പിൽ വാട്സാപ്പിലേക്കുള്ള കുറുക്കുവഴി പരീക്ഷിക്കുന്നു. ഫെയ്സ്ബുക്ക് ആപ്പിൽ തന്നെ കുറുക്കുവഴിക്കായി പ്രത്യേക ബട്ടൺ ഒരുക്കിയാണ് ഇൗ പരീക്ഷണം. ഇത് വിജയം കണ്ടാൽ ഫെയ്സ്ബുക്കിൽ നിന്ന് പുറത്തുപോയ ശേഷം വാട്സ് ആപ്പിൽ കയറുന്നത് ഒഴിവാക്കാനാകും. നെക്സ്റ്റ്വെബ് എന്ന വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഫെയ്സ്ബുക്ക് ആപ്പിനകത്ത് ഒരുക്കുന്ന വാട്സ്ആപ് ബട്ടന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വെബ്സൈറ്റ് വിവരം പുറത്തുവിട്ടത്.
സാമൂഹിക മാധ്യമരംഗത്തെ ഭീമനായ ഫെയ്സ്ബുക്ക് ഇൗ പ്രത്യേകതയുള്ള ആപ് ഡെൻമാർക്കിലെ ഒരു ചെറിയ ഗ്രൂപ്പിൽ ആണ് പരീക്ഷണം നടത്തുന്നത്. മെനുവിൽ കാഴ്ചയിൽ തന്നെ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് വാട്സ്ആപ് ഷോട്ട്കട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്കിന്റെ പരീക്ഷണം എന്നാണ് വാർത്തകൾ. ഇത് പിന്നീട് ഐ ഫോൺ ഒാപ്പറേറ്റിങ് സിസ്റ്റത്തിലേക്കും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നിലവിൽ ഫെയ്സ്ബുക്കിൽ തന്നെ ഇൻസ്റ്റഗ്രാം ബട്ടൺ പ്രത്യക്ഷമാകുന്നതിന് സമാന രീതിയിൽ തന്നെയായിരിക്കും വാട്സ്ആപ് ബട്ടണും ലഭ്യമാക്കുക.
ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപിന് പ്രതിമാസം 1.3 ബില്യൺ ഉപയോക്താക്കളുണ്ട്. ഫെയ്സ്ബുക്ക് കഴിഞ്ഞ ജൂണിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ട് ബില്യൺ കവിഞ്ഞു. വാട്സ്ആപിന് കൂടുതൽ പ്രാമുഖ്യം നൽകി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.