പിന്‍വാതിലിലൂടെ ഫേസ്ബുക്ക് ചൈനയില്‍ കയറി.?

By Web Desk  |  First Published Aug 13, 2017, 4:01 PM IST

ബിയജിംഗ്: ആരും അറിയാതെ ഫേസ്ബുക്ക് ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് ഒപ്പം ചൈനയിലെ ഗ്രേറ്റ് വാള്‍ ഇന്‍റര്‍നെറ്റ് ഫയര്‍വാളിന് പുറത്തായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം. എന്നാല്‍ കഴിഞ്ഞ മെയ് മുതല്‍ നേരിട്ടല്ലാതെ ഫേസ്ബുക്ക് ചൈനയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

മെയില്‍ റിലീസ് ചെയ്ത കളര്‍ ബലൂണ്‍ എന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്തരം ഒരു സംശയത്തിന് കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ആപ്പായ മെന്‍ഷന്‍റെ സ്വഭാവങ്ങള്‍ കാണിക്കുന്ന ഫോട്ടോഷെയറിംഗ് ആപ്പാണ് കളര്‍ ബലൂണ്‍. ഈ ആപ്പിന് പിന്നിലുള്ള കമ്പനിയുമായി ഫേസ്ബുക്കിന് ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Latest Videos

കഴിഞ്ഞ ചില വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇതിനായി ചൈനയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അനവധി സന്ദര്‍ശനങ്ങളാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തിയത്. ചൈനീസ് ഭാഷവരെ അതിനിടയില്‍ സുക്കര്‍ബര്‍ഗ് പഠിച്ചിരുന്നു എന്നത് കൗതുകവാര്‍ത്തയായിരുന്നു. 

ജൂലൈ 2009ലാണ് ഫേസ്ബുക്ക് ചൈനയില്‍ നിരോധിക്കപ്പെട്ടത്. അതിന് ശേഷം ഇത് പിന്‍വലിക്കുന്നതില്‍ കാര്യമായ പുരോഗതി ഫേസ്ബുക്കിന് കൈവവരിക്കാന്‍ സാധിച്ചില്ലെങ്കിലും. ലോക്കല്‍ മാര്‍ക്കറ്റിലെ കമ്പനികള്‍ക്ക് സാങ്കേതികത കൈമാറ്റത്തിന് ഫേസ്ബുക്ക് അവസരം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ കളര്‍ ബലൂണ്‍ എന്ന ആപ്പ് ഇറക്കിയിരിക്കുന്നത് യൂങ് ടെക്നോളജീസ് എന്ന കമ്പനിയാണ്. ഇവര്‍ ഫേസ്ബുക്കിന്‍റെ ചില പേറ്റന്‍റുകള്‍ ഉപയോഗിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

click me!