ഫേസ്ബുക്ക് വിവര ചോര്‍ച്ച; അമേരിക്കയില്‍ അന്വേഷണം നടക്കും

By Web Desk  |  First Published Mar 27, 2018, 8:25 AM IST
  • അമ്പത് ലക്ഷത്തിലേറെ അമേരിക്കകാരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: അമ്പത് ലക്ഷത്തിലേറെ അമേരിക്കകാരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ കോംബ്രിഡ്ജ് അലറ്റിക്കാ എന്ന സ്ഥാപനം ശേഖരിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് അടുത്തിടെ പുറത്ത് വന്ന വാര്‍ത്ത. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിൽ അക്കൗണ്ടുള്ളവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ നിരവധിപ്പേർ ആശങ്ക അറിയിച്ചെന്നും ഈ ആശങ്കകൾ പരിഹരിക്കപ്പടേണ്ടതുണ്ടെന്നുംഫെഡറൽ ട്രേഡ് കമ്മീഷൻ അറിയിച്ചു. അതേ സമയം വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ്  ഫേസ്ബുക്ക് സ്ഥാപകന്‍ മാർക്ക് സക്കർബർഗ്. പത്രപ്പരസ്യത്തിലൂടെയാണ് സക്കർബർഗ് മാപ്പ് പറഞ്ഞത്.

Latest Videos

വിശ്വാസ്യത നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നതായി പരസ്യത്തിൽ ഫേസ്ബുക്ക് പറയുന്നുണ്ട്. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും സക്കർബർഗ് പരസ്യത്തിലൂടെ പറയുന്നു. നേരത്തെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് മുൻപ് ഫേസ്ബുക്കിന്‍റെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ വീഴ്ചയാണ് സംഭവിച്ചത്. അത് വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും. 

സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ വിശദമായി പരിശോധിക്കും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് കുറിച്ചു.

click me!